മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

Follow Us :

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ ജിരിഭം എച്ച്എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു. ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശനം നടത്തും. വൈകീട്ട്ഗവർണർ അനസൂയ ഉയിക്കയെ കാണും. ഇതിന് ശേഷം വാർത്താ സമ്മേളനം നടത്തും. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളും രാഷ്ട്രീയ നിലപാടുകളും കാരണം മണിപ്പൂരിനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം . വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.

പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ എന്ന സംസ്ഥാനമേയില്ല. ഒരു സന്ദേശം നൽകാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു, അവിടെ പോകണമെന്നും. പക്ഷേ അദ്ദേഹം ചെയ്‌തില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഒരു മറുപടി പ്രധാനമന്ത്രിയിൽ നിന്ന് ലഭിക്കില്ല” എന്നായിരുന്നു രാഹുൽ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടിയത്. വർഗീയ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ 2023 ജൂണിൽ രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചിരുന്നു. കൂടാതെ ഈ വർഷം ആദ്യം ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായും രാഹുൽ മണിപ്പൂരിൽ എത്തി. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുലിന്റെ ആദ്യ സന്ദർശനത്തെ വളരെ പ്രാധാന്യത്തോടെ തന്നെയാണ് മണിപ്പൂരിലെ കോൺഗ്രസ് പാർട്ടി കാണുന്നതെന്ന് വ്യക്തം. മണിപ്പൂർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് രൂക്ഷഭാഷയിൽ വിമർശിച്ചു. റഷ്യൻ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂർ തയ്യാറാകുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂർ സന്ദർശിക്കാൻ മോദി സമയം കണ്ടെത്തണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. എന്നാൽ രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്ന് ബിജെപി വിമർശിച്ചു. മണിപ്പൂരിൽ കലാപത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് കോൺ​ഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. മണിപ്പൂരിൽ കലാപം ആരംഭിച്ചത് മുതൽ മൗനം തുടർന്നിരുന്ന നരേന്ദ്രമോദിയെ മൂന്നാം ടേമിലെ ആദ്യ സമ്മേളനത്തിൽ തന്നെ മണിപ്പൂർ വിഷയത്തിൽ വായ തുറപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു.

പാർലമെന്റിൽ നടന്ന മണിപ്പൂർ ഐക്യദാര്‍ഢ്യ പ്രതിഷേധത്തിന് പിന്നാലെ മോദി മണിപ്പൂർ വിഷയത്തിൽ മൗനം വെടിയുകയായിരുന്നു. സംസ്ഥാനത്ത് സമാധാനനന്തരീക്ഷം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്തെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കലാപത്തിൽ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്, പതിനായിരക്കണക്കിന് പേർ അഭയാർത്ഥികളുമായിരുന്നു. എന്നാൽ മണിപ്പൂർ സന്ദർശിക്കാനോ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനോ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മോദി തയ്യാറായിരുന്നില്ല. അങ്ങനെയുള്ള പ്രധാനമന്ത്രിയെ മൂന്നാം ഊഴത്തിൽ വിഷയത്തിൽ പ്രതികരിപ്പിക്കാൻ സാധിച്ചത് രാഷ്ട്രീയ വിജയമായാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. അതേസമയം അസമിലെത്തിയ രാഹുൽ ഗാന്ധി പ്രളയബാധിതരെയും കണ്ടു. അസമിലെ ഫുലേർട്ടലിലെ തലായി ഇൻ യൂത്ത് കെയർ സെൻ്ററിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. 28 ജില്ലകളിലെ 3,446 വില്ലേജുകളിലായി 23 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. 68,432.75 ഹെക്ടർ കൃഷിയിടങ്ങൾ ആണ് വെള്ളത്തിനടിയിലായത്.