കണ്ണുകൾക്കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ !!

2015 ൽ ഇറങ്ങിയ റാണി പത്മിനിയിലൂടെ രാജേഷ് മാധവൻ മലയാള സിനിമയിലെത്തിയെങ്കിലും, ചെറിയ വേഷമായിട്ടും ശ്രദ്ധേയമായത് ‘മഹേഷിൻ്റെ പ്രതികാരം‘ത്തിലെ സൈക്കിൾ കൂട്ടിയിടിയിലൂടെയാണ്. ആ നോട്ടം അന്നേ മലയാളിയുടെ മനസിൽ കയറിക്കൂടിയതാണ്. അത് പല വിഷയങ്ങൾ…

2015 ൽ ഇറങ്ങിയ റാണി പത്മിനിയിലൂടെ രാജേഷ് മാധവൻ മലയാള സിനിമയിലെത്തിയെങ്കിലും, ചെറിയ വേഷമായിട്ടും ശ്രദ്ധേയമായത് ‘മഹേഷിൻ്റെ പ്രതികാരം‘ത്തിലെ സൈക്കിൾ കൂട്ടിയിടിയിലൂടെയാണ്. ആ നോട്ടം അന്നേ മലയാളിയുടെ മനസിൽ കയറിക്കൂടിയതാണ്. അത് പല വിഷയങ്ങൾ സംസാരിക്കുന്ന മലയാളിയുടെ പ്രിയപ്പെട്ട മീമുകളിലൊന്നായി നിറം മങ്ങാതെ നിൽക്കുന്നു. കനകം കാമിനിയിലെ മനാഫ് ആയാലും, രണ്ടിലെ സുലൈമാനായാലും, മിന്നൽ മുരളിയിലെ പോലീസ്‌കാരൻ ഷിനോജ് ആയാലും രജേഷിൻ്റെ അഭിനയത്തിളക്കം ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കുന്നു.

അങ്ങനെയിരിക്കെ ആണ് ‘ന്നാ താൻ കേസ് കൊട്‘ ൻ്റെ ക്യാരക്ടർ വീഡിയോ കണ്ടത്. സുരേശൻ ആയി രാജേഷ് തകർക്കുമെന്നതിൽ സംശയമില്ല. ഇതിൽ രാജേഷിൻ്റെ കണ്ണുകൊണ്ടുള്ളൊരു പെർഫോമൻസ് കണ്ടെൻ്റെ കണ്ണ്തള്ളിപ്പോയി. (ആ ക്ലിപ്പ് കമൻ്റിൽ ഇടാമേ) അല്ലേലും രാജേഷ് കണ്ണ് കൊണ്ടഭിനയത്തിൽ പുലിയാണ്. രതീഷ് ബാലകൃഷ്ണൻ്റെ ആൻഡ്രോയിഡ് കുഞ്ഞപ്പനിലും, കനകം കാമിനി കലഹത്തിലും, ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്‘ ലും രാജേഷുണ്ട്. കനകം കാമിനിയിൽ മനാഫായി രാജേഷ് പൊളിച്ചടുക്കിയതാണ് എന്നത് ‘ന്നാ താൻ കേസ് കൊട്‘ലേക്കുള്ള പ്രതീക്ഷ കൂട്ടുന്നുണ്ട്.

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക കുണ്ടംകുഴി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയ രാജേഷ് പിന്നീട് കാസർഗോഡ് കുറ്റിക്കോലിൽ കുട്ടികളുടെ നാടകക്കളരിയായ സൺഡേ തിയറ്ററിലൂടെ സ്ഥിരമായി നാടകങ്ങളിൽ തിളങ്ങി. നല്ലൊരു അഭിനേതാവായി രൂപപ്പെടാൻ രാജേഷിനെ സഹായിച്ചത് ‌സൺഡേ തിയറ്ററായിരുന്നു. പിന്നീട് ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിൽ ജോലി ചെയ്ത ശേഷം സജിൻ ബാബുവിന്റെ ‘അസ്തമനം വരെ‘ എന്ന സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളറായി തുടക്കമിട്ടു. തുടർന്നാണ് ആഷിഖ് അബുവിന്റെ ‘റാണിപത്മിനി‘യിലൂടെ മുഖ്യധാരാ സിനിമയിലേക്ക് കടന്ന് വന്നത്.

തുടർന്ന് ആഷിഖ് അബു, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെയൊക്കെ സിനിമകളിൽ അഭിനേതാവായും സംവിധാന സഹായിയായും സഹസവിധായകനായും ഒക്കെ സഹകരിച്ച് സിനിമാ രംഗത്ത് സജീവമായ രാജേഷ് പല സിനിമകളുടെയും കാസ്റ്റിംഗ് ഡയറക്റ്ററായും പ്രവർത്തിച്ചു. മലയാളത്തിലെ മികച്ച ചിത്രമായി അവാർഡിനർഹമായ ‘തിങ്കളാഴ്‌ച നിശ്ചയ‘ത്തിൻ്റെ കാസ്റ്റിംഗ് നിർവ്വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നായിരുന്നു.‘ന്നാ താൻ കേസ് കൊട്‘ൽ കൊഴുമ്മൽ രാജീവനൊപ്പം സുരേശനായി പൊളിച്ചടുക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കൂടാതെ ഇനിയും വരാനിരിക്കുന്ന ‘നീലവെളിച്ചം‘ത്തിലെ പപ്പുവായും, 1744 വൈറ്റ് ആൾട്ടോയിലെ തരികിടയായും, മറ്റ് പലതുമായി തിളങ്ങുന്നത് കാണാനും.