തന്റെ ചിത്രവും പേരും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുത്!! കര്‍ശന നടപടിയെന്ന് രജനീകാന്ത്

പരസ്യങ്ങള്‍ക്കായി താരങ്ങളുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ തന്റെ ചിത്രവും പേരും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടന്‍ രജനികാന്ത്. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടിയെടുക്കുമെന്ന് രജനികാന്തിന്റെ അഭിഭാഷകന്‍ എസ്. ഇളംഭാരതി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

വിവിധ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചര്‍ ചിത്രം, കമ്പ്യൂട്ടര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വഞ്ചനയാണെന്ന് നോട്ടീസില്‍ പറയുന്നു.

രജനികാന്തിന്റെ വ്യക്തിത്വം, പേര്, ശബ്ദം, പ്രതിച്ഛായ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകള്‍ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനികാന്തിന് മാത്രമാണ്. തന്റെ സമ്മതം കൂടാതെ മറ്റാര്‍ക്കും അവയെ വാണിജ്യപരമായി ചൂഷണം ചെയ്യാന്‍ കഴിയില്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട, അംഗീകാരം നേടിയ, വിജയിച്ച നടന്മാരില്‍ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്വാദ്. ഒരു നടന്‍ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ കരിഷ്മയും സ്വഭാവവും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ വിളിക്കുന്ന ‘സൂപ്പര്‍സ്റ്റാര്‍’ എന്ന പദവി നേടിക്കൊടുത്തു.

സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തിന്റെയും ആദരവിന്റെയും അളവുകള്‍ സമാനതകളില്ലാത്തതും തര്‍ക്കമില്ലാത്തതുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തി എന്ന നിലയിലോ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടാകുന്നത് എന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്.

Previous article‘മുത്തേ ഇന്നെൻ കണ്ണിൽ’; എങ്കിലും ചന്ദ്രികേയിലെ മനോഹര ഗാനം കാണാം!
Next articleലിജോ വിളിച്ചിരുന്നു, മലൈകോട്ടൈ വാലിഭനിലേക്ക് ഇല്ലെന്ന് ഋഷഭ് ഷെട്ടി!!