‘കുഴപ്പം ഇല്ലാത്ത താര നിര ഉണ്ടായിരുന്നു എങ്കിലും എല്ലാം കൊണ്ട് കളഞ്ഞു കുളിച്ച ചിത്രം’

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് അദൃശ്യം. ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കുഴപ്പം ഇല്ലാത്ത താര നിര ഉണ്ടായിരുന്നു എങ്കിലും എല്ലാം കൊണ്ട് കളഞ്ഞു കുളിച്ച ചിത്രം’ എന്നാണ് രാകേഷ് മനോഹരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സിനിമയുടെ തുടക്കം പാരലല്‍ ആയി ഉള്ള അന്വേഷണം കണ്ടപ്പോള്‍, ‘ആഹ് ഇത് കൊള്ളാമല്ലോ. വന്‍ സംഭവം ആയിരിക്കുമല്ലോ, പ്രതീക്ഷകള്‍ ഇല്ലാത്തത് കൊണ്ടും സിനിമ ഇഷ്ടപ്പെടാന്‍ ആണ് സാധ്യത കൂടുതലും എന്ന് കരുതി.
എന്നാല്‍ അവസാനം സിനിമ എങ്ങനെ എങ്കിലും തീര്‍ന്നാല്‍ മതി എന്നായി. മിസ്റ്ററി, ട്വിസ്റ്റ് എല്ലാം അവതരിപ്പിക്കുമ്പോള്‍ അതിലേക്കു പ്രേക്ഷകന് താല്‍പ്പര്യം തോന്നിക്കുന്ന രീതിയിലേക്ക് കൊണ്ട് പോകേണ്ടത് ഉണ്ട്. എന്നാല്‍ ഇവിടെയോ? ഒരു അടുക്കും ചിട്ടയും ഇല്ലാതെ ഓരോ കഥാപത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഇങ്ങനെ വന്നും പോയും ഇരുന്നു. നോണ്‍ – ലീനിയര്‍ സിനിമ ആണെന്ന് ഒന്നും പറയല്ലേ. അത്തരത്തില്‍ ഉള്ള ധാരാളം സിനിമകള്‍ തിരഞ്ഞു പിടിച്ചു കണ്ടിട്ടുണ്ട്.പക്ഷെ ഇത് എക്‌സിക്യൂഷനില്‍ പാളി പോയത് പോലെ അനുഭവപ്പെട്ടൂ.
ഒരു പക്ഷെ ഇത്രയും ഹൈപ്പ് കൊടുക്കാന്‍ ഉള്ള ട്വിസ്റ്റ് ഒന്നും ഇല്ലാത്ത ചിത്രം സാധാരണ മിസ്റ്ററി മലയാള സിനിമ പോലെ അവതരിപ്പിച്ചിരുന്നു എങ്കില്‍ ഒരു ശരാശരി അനുഭവം എങ്കിലും ആയേനെ. തമിഴില്‍ യുഗി എന്ന പേരിലും സിനിമ വന്നിരുന്നു. അത് പറഞ്ഞപ്പോള്‍ ആണ് ഡബ്ബിങ് എന്ത് മാത്രം മോശം ആണെന്ന് തോന്നുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ സിനിമയില്‍ കാണും. കുഴപ്പം ഇല്ലാത്ത താര നിര ഉണ്ടായിരുന്നു എങ്കിലും എല്ലാം കൊണ്ട് കളഞ്ഞു കുളിച്ച ചിത്രം ആണ് അദൃശ്യം.കഥാപാത്രങ്ങള്‍ക്ക് പോലും സിനിമയില്‍ അവരുടെ വേഷത്തിന്റെ പ്രാധാന്യം എന്താണ് എന്ന് അറിയാത്ത പോലെ ആയിരുന്നു അഭിനയിച്ചത്.ജോജു ഒക്കെ എന്തിനാണോ ആ കഥാപാത്രം ചെയ്തത് എന്ന് പോലും മനസ്സിലായില്ല. സിനിമ ഇഷ്ടപ്പെട്ടൂ എന്നും ഇല്ല എന്നും ഉള്ള posttukal/ കമന്റുകള്‍ ധാരാളം കണ്ടിരുന്നു. എന്നേ സംബന്ധിച്ച് ഒരു മോശം സിനിമ അനുഭവം ആയിരുന്നു ചിത്രം.

2022 നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് അദൃശ്യം. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍ എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നരേന് പുറമെ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ ആയി എത്തിയത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് അദൃശ്യം. കയല്‍ ആനന്ദി,ആത്മീയ രാജന്‍, പവിത്ര ലക്ഷ്മി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Gargi