‘പടയപ്പയിലെ നീലാംബരി ആകാന്‍ ആണ് ഉദ്ദേശിച്ചത് എങ്കില്‍ നല്ല കോമഡി ആയിട്ടുണ്ട് എന്നേ പറയാന്‍ ഉള്ളൂ’

സിജു വില്‍സണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തില്‍ എത്തുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍, എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന…

സിജു വില്‍സണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തില്‍ എത്തുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍, എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. സിജു വില്‍സണോടൊപ്പം ബെല്‍ജിയന്‍ മലിനോയ്സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടയപ്പയിലെ നീലാംബരി ആകാന്‍ ആണ് ഉദ്ദേശിച്ചത് എങ്കില്‍ നല്ല കോമഡി ആയിട്ടുണ്ട് എന്നേ പറയാന്‍ ഉള്ളൂ’ എന്നാണ് രാകേഷ് മനോഹരന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വരയന്‍ എന്നൊക്കെ പേര് കേട്ടപ്പോള്‍ പഴയ വരയന്‍ പുലിയെ (പുലി മുരുകന്‍ ഫെയിം )പിടിക്കാന്‍ പോകുന്ന പള്ളിയിലെ അച്ചന്റെ കഥ ആയിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ വരയന്‍ പുലി കിടന്നിടത്തു ആട്ടിന്‍ക്കുട്ടിയേ ആണ് കണ്ടത്. ഒരു പള്ളിയില്‍ അച്ചന്‍. പേര് എബി. ഒരു പ്രത്യേക സാഹചര്യത്തില്‍ കലിപ്പക്കര എന്ന കലിപ്പന്മാരുടെയും കാന്തരികളുടെയും ഒരു ഗ്രാമത്തിലെ ഇടവകയില്‍ എത്തുകയാണ്. അതിനു ശേഷം ഉള്ള കഥയാണ് വരയന്‍ പറയുന്നത്.
ചുരുളി സിനിമയിലെ ഗ്രാമം പ്രോ വേര്‍ഷന്‍ ആണെങ്കില്‍ അതിന്റെ ലൈറ്റ് വേര്‍ഷന്‍ ആണ് കലിപ്പക്കര. കേരള പോലീസിനെ ഒക്കെ നിര്‍ത്തി അങ്ങ് അപമാനിക്കുന്നുണ്ട് കലിപ്പക്കരയിലെ ആളുകള്‍. കലിപ്പക്കര ഒരു രാജ്യമായി പ്രഖ്യാപിക്കേണ്ട സ്ഥലം ആണ് . അവിടേക്കു വന്ന എബി അച്ചന്‍ ആണെങ്കില്‍ വന്‍ വ്യത്യസ്തന്‍ ആണ്. ചീട്ടു കളി എക്‌സ്‌പെര്‍ട്ട്, മണം വച്ച് കള്ളിന്റെ ഗുണ മേന്മ മനസ്സിലാക്കുന്ന ടോഡി ടെസ്റ്റര്‍, പള്ളിയില്‍ ആര്‍ട്ട് എക്സിബിഷന്‍ നടത്തുന്ന സംഘടകന്‍, ആക്ഷന്‍ ഹീറോ ആവുക എന്ന് വേണ്ട ഒരു പൊടിക്കൈക്ക് അത്ഭുത പ്രവര്‍ത്തി വരെ ഉള്ള മള്‍ട്ടി ടാസ്‌കിങ് കിങ് ആണ്. സോറി. ഇടയ്ക്ക് ഡോഗ് ട്രെയിനര്‍ കൂടി ആയി ടിയാന്‍ മാറുന്നുണ്ട്. അങ്ങനെ ഉള്ള അച്ചനും വന്‍ ക്രിമിനലുകളും ഉള്ള നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുമല്ലോ?
വരയന്‍ അങ്ങനെ മാസും നന്മയും എല്ലാം മിക്‌സ് ചെയ്തു അവതരിപ്പിച്ച സിനിമ ആണ്. എന്നാല്‍ അതിനു സാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കാരണം, വെറുതെ ടിവിയില്‍ ബാക്ഗ്രൗണ്ടില്‍ ഓടുന്ന സിനിമ ആയി മാത്രം ആണ് തോന്നുക. പ്രത്യേകിച്ച് ഒരു വികാരവും തോന്നിക്കാത്ത സിനിമ. ഒരു പക്ഷെ മാസ് സീന്‍ ആകേണ്ട ഇന്റര്‍വെല്‍ രംഗം പോലും അത്തരം ഒരു ഇമ്പാക്ട് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. കലിപ്പനും കാന്താരിയും ആയ പല കഥാപത്രങ്ങളും അസഹനീയം ആയി തോന്നി. പ്രത്യേകിച്ചും നായികയുടെ അഭിനയം ഒക്കെ. പടയപ്പയിലെ നീലാംബരി ആകാന്‍ ആണ് ഉദ്ദേശിച്ചത് എങ്കില്‍ നല്ല കോമഡി ആയിട്ടുണ്ട് എന്നേ പറയാന്‍ ഉള്ളൂ.
ആകെ സിനിമയില്‍ ഉള്ള നല്ല കാര്യം എന്ന് പറയാവുന്നത് നേരത്തെ പറഞ്ഞത് പോലെ ബാക്ഗ്രൗണ്ടില്‍ സിനിമ ഇട്ടിട്ടു വേറെ എന്തെങ്കിലും ചെയ്യാം എന്നതാണ്. പക്ഷെ അതൊന്നും ചെയ്യാതെ ഞാന്‍ സീരിയസ് ആയി തന്നെ സിനിമ ഇരുന്നു കണ്ടു. എനിക്ക് അങ്ങനെ തന്നെ വേണം എന്നേ ഞാന്‍ പറയുന്നുള്ളൂ.അവസാനം വരെ വരയന്‍ പുളിയും വന്നില്ല. എബി അച്ചനെ പുണ്യാളന്‍ ആക്കാന്‍ ഉള്ള സുവര്‍ണവസരവും തല്ലി തകര്‍ത്തത് കൊണ്ട് അതിലും നിരാശ ആയിരുന്നു ഫലം.

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. തിരക്കഥ ഫാദര്‍ ഡാനി കപ്പൂച്ചിന്‍, ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍ വിഘ്നേഷ്, കിഷന്‍- രജീഷ്, സൗണ്ട് മിക്സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി. പ്രസന്ന സുജിത്ത്.