‘ പെണ്‍ കരുത്ത് തെളിയിക്കാന്‍ അവള്‍ വരുന്നു…’; ‘ലഡ്കി’ പ്രദര്‍ശനത്തിനെത്തുക 47000 തിയറ്ററുകളിലെന്ന് സംവിധായകന്‍

പൂജ ഭലേക്കര്‍ നായികയായി രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ലഡ്കി’. ആയോധന കലയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുങ്ങുന്നത്. ലഡ്കി: എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് സുപ്രധാന തീരുമാനം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ലോകമെമ്പാടുമായി 47,530 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരിക്കുന്നത്.

ആക്ഷന്‍, റൊമാന്‍സ് വിഭാഗത്തിലുള്ളതാണ് ലഡ്കി. രാം ഗോപാല്‍ വര്‍മ്മയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. ഒരു ഇന്തോ- ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമായാണ് ചിത്രം എത്തുന്നത്.

ഇന്ത്യന്‍ കമ്പനിയായ ആര്‍ട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിള്‍ എന്നീ ബാനറുകളില്‍ ജിംഗ് ലിയു, നരേഷ് ടി, ശ്രീധര്‍ ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ ഡോണ്‍ബിംഗ്, വി വി നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഗുരുപരണ്‍ ഇന്റര്‍നാഷണല്‍ ആണ് കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പൂജ ഭലേക്കര്‍ നായികയാവുന്ന ചിത്രത്തില്‍ അഭിമന്യു സിംഗ്, രാജ്പാല്‍ യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി സിനിമയില്‍ പുതിയ ദൃശ്യഭാഷയൊരുക്കി വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. തെലുങ്കില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുമാറ്റിയ അദ്ദേഹം രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2010നു ശേഷം അദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയമായിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ വന്‍ തിരിച്ചുവരവ് കൂടിയാകും ലഡ്കി എന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

Aswathy