‘കടുവ’യിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കടുവ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം സിനിമയില്‍ ഭിന്നശേഷി കുട്ടികളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല എം.എല്‍.എയും രംഗത്തെത്തി. സിനിമയിലെ ആ രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്നും മാതാപിതാക്കള്‍ ചെയ്ത തെറ്റുകളുടെ കര്‍മഫലമാണ് അവരുടെ കുട്ടികള്‍ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയില്‍ പങ്കുവെച്ചത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കള്‍ ചെയ്ത തെറ്റുകളുടെ കര്‍മഫലമാണ് അവരുടെ കുട്ടികള്‍ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയില്‍ പങ്കുവെച്ചത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാന്‍ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയാതെ പോയതെന്ന് അദ്ദേഹം കുറിച്ചു.

എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ എനിക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന നിമിഷങ്ങളുണ്ടാകുന്നത് ഈ കുഞ്ഞുങ്ങളുടെ മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന ചിരിയാണ്. എന്റെ മണ്ഡലമായ ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികള്‍ക്ക് വേണ്ടി ‘സബര്‍മതി’ എന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്താനും സബര്‍മതി നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. എന്റെ ജ്യേഷ്ഠതുല്യനായ ഒരാളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സബര്‍മതി സ്ഥാപിക്കപ്പെടുന്നത്. ഭിന്നശേഷിയുള്ള കുട്ടി വീട്ടിലുള്ളതിനാല്‍ സാമൂഹികജീവിതം നഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളില്‍ ഒരാളായിരുന്നു ഈ സുഹൃത്തുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണകള്‍ തിരുത്തിത്തന്നെ നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് എനിക്ക് മനസിലായതും ഈ കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ അധ്യാപകര്‍ക്കുമൊപ്പം ചിലവിട്ട നിമിഷങ്ങളില്‍ നിന്നാണ്. ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ബിഹേവിയറല്‍ പരിശീലനം നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഓട്ടിസം. ദൈനംദിന കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ക്ക് കഴിയും.

സബര്‍മതിയില്‍ ഇത്തരം സമര്‍ത്ഥരായ അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളും കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളും ഞാന്‍ നേരിട്ട് കാണുന്നതാണ്. മാതാപിതാക്കളെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരെ കൂടെ നിര്‍ത്തുകയാണ് വേണ്ടതന്നും അദ്ദേഹം കുറിച്ചു. സംഭാഷണം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

Gargi