രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍; രണ്‍ബീറിന്റെ ഷംഷേരയുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രം ഷംഷേരയുടെ ട്രെയിലര്‍ പുറത്തു വിട്ടു. വന്‍ വരവേല്പാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും രണ്ട് മില്ല്യണിലേറെ കാഴ്ചക്കാരെയാണ് ട്രെയിലര്‍ കണ്ടത്. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്‍ബീറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഷംഷേര’. 2.59 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ ഉടനീളം രണ്‍ബീറിന്റെ നടന വിസ്മയമാണ് ദൃശ്യമാവുക.

നേരത്തെ പുറത്തിറങ്ങിയ ‘ഷംഷേരയുടെ’ ടീസറും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. സിനിമയിലെ രണ്‍ബീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 18ന് സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. പിന്നാലെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂണ്‍ 22നാണ് ടീസര്‍ പുറത്തിറങ്ങിയത്.

കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മാണം. വാണി കപൂറാണ് നായിക. റോണിത് ബോസ് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റഭിനേതാക്കള്‍. ഏക്താ പഥക് മല്‍ഹോത്രയും കരണ്‍ മല്‍ഹോത്രയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിലേഷ് മിശ്ര, ഖിലാ ബിഷ്ട് എന്നിവരുടേതാണ് കഥ. പിയൂഷ് മിശ്രയുടേതാണ് സംഭാഷണങ്ങള്‍.

മിഥുന്‍ സംഗീത സംവിധാനവും അനയ് ഗോസ്വാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫ്രാന്‍സ് സ്പിലോസ്, പര്‍വേസ് ഷേഖ് എന്നിവരാണ് സംഘട്ടനസംവിധാനം. ബൃന്ദ, ചിന്നി പ്രകാശ്, ശക്തി മോഹന്‍ എന്നിവര്‍ നൃത്തസംവിധാനവും നിര്‍വഹിക്കുന്നു. ശിവ്കുമാര്‍ വി പണിക്കരാണ് എഡിറ്റിങ്.

Previous articleസൂഫിയായെത്തി ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു! ജീവിതത്തില്‍ മുസ്ലീം പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ദേവ് മോഹന്‍
Next articleകച്ച ബദാം ഗായകന്‍ ഭൂപന്‍ ഭട്യാകറിന് ആരാധകന്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍ 13