രണ്‍ബീര്‍ കപൂറിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം! യുവാവ് മരിച്ചു

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ യുവാവ് മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നെന്ന് കൂപ്പര്‍…

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ യുവാവ് മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നെന്ന് കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ
ഷൂട്ടിങ് സെറ്റിലാണ് അപകടം. മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടിച്ചത്.

അഗ്‌നിശമനസേനയുടെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10.30 ഓടെയാണ് തീ പൂര്‍ണമായി അണച്ചു. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങള്‍ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചു.

തീപിടിത്തമുണ്ടായ സെറ്റ് വമ്പന്‍ ഗാനചിത്രീകരണത്തിനായി തയ്യാറാക്കിയതായിരുന്നു.
400ഓളം നര്‍ത്തകരെ പങ്കെടുപ്പിച്ച് ഗാനരംഗം ചിത്രീകരിക്കാനായിരുന്നു പദ്ധതി. ശ്രദ്ധ കപൂറിനെ ഉള്‍പ്പെടുത്തി ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അസുഖ ബാധിതയായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. അടുത്ത ദിവസം ഷൂട്ടിങ് പുനരാരംഭിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സെറ്റിലെ മൂന്നു ഫ്‌ളോറുകളും കത്തി നശിച്ചു.


രണ്‍വീറും ശ്രദ്ധയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ലവ് രഞ്ജനാണ് സംവിധാനം. അടുത്ത വര്‍ഷം ഹോളിക്ക് സിനിമ തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.