സ്വന്തമായി താലി വാങ്ങാനും,വീട്‌ പെയിന്റ് ചെയ്യാനും, വിവാഹത്തിനായി ക്ഷണിച്ചു വരുത്തുന്ന അതിഥികൾക്ക് ഭക്ഷണം കൊടുക്കാനും ഉള്ള പണം പെൺ വീട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങുന്ന പണം ആകരുത്

വിവാഹം എന്ന് പറയുന്നത് മക്കളെ നന്നാക്കിയെടുക്കുവാൻ ഉള്ള ഒരു മാർഗം അല്ല എന്ന് വ്യക്തമാക്കി റാണി നൗഷാദ്, മകന് മുൻപ് മകളെ വിവാഹം കഴിപിച്ച് അയക്കാത്തത് എന്താ എന്ന പതിവ് ചോദ്യത്തിനോടും റാണി പ്രതികരിക്കുന്നുണ്ട്,…

വിവാഹം എന്ന് പറയുന്നത് മക്കളെ നന്നാക്കിയെടുക്കുവാൻ ഉള്ള ഒരു മാർഗം അല്ല എന്ന് വ്യക്തമാക്കി റാണി നൗഷാദ്, മകന് മുൻപ് മകളെ വിവാഹം കഴിപിച്ച് അയക്കാത്തത് എന്താ എന്ന പതിവ് ചോദ്യത്തിനോടും റാണി പ്രതികരിക്കുന്നുണ്ട്, ഇങ്ങനെ ചോദിക്കുന്നവർക്കുള്ള മറുപടിയുമായിട്ടാണ് റാണി എത്തിയിരിക്കുന്നത്.എനിക്കു പറയാനുള്ളത് വിവാഹപ്രയമെത്തിയ ആൺ കുട്ടികളുടെ മാതാപിതാക്കളോടാണ്. ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ എന്റെ മകന്റെ വിവാഹം ഉറപ്പിച്ചപ്പോൾ പല ബന്ധുക്കളും ചോദിച്ചു. മോളെ കെട്ടിച്ചിട്ടു പോരേ മകന്റെ വിവാഹമെന്ന്…? കാണിക്കുന്നത് അബദ്ധമാണെന്ന് തോന്നാൻ പിന്നീട് ഇടവരരുതെന്ന്. അപ്പോൾ ഞങ്ങൾക്ക് പറയാൻ വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ഒന്നാമതായി മകൾക്ക് ഇരുപത്തി ഒന്ന് വയസ്സുമാത്രമേ ആയിട്ടുള്ളൂ. അവളുടെ പഠനം പൂർണ്ണമായിക്കഴിയുമ്പോൾ ഇരുപത്തി അഞ്ചു വയസ്സ് മിനിമം ആകും. ആ സമയത്ത് മകന്റെ പ്രായം മുപ്പതിനോടടുക്കും. രണ്ടാമതായി അവൻ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള പ്രാപ്തി നേടിക്കഴിഞ്ഞു.അവന് ജോലിയും, സ്വന്തമായി വരുമാനവുമുണ്ട്.

അവന്റെ ഭാര്യയെ സിനിമക്ക് കൊണ്ടുപോകാനും, ഇഷ്ടമുള്ള വസ്ത്രമോ ആഹാരമോ വാങ്ങി കൊടുക്കാനുമായി അവന് ഞങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട കാര്യമില്ല…. മാത്രവുമല്ല ശാരീരികമായും, മാനസികമായും, പെരുമാറ്റതലത്തിലും, സ്വഭാവം കൊണ്ടും, ആരോഗ്യപരമായ മനോഭാവം കൊണ്ടും അവൻ വിവാഹിതനാവാനും, ഒരു കുടുംബം നോക്കാനും പ്രാപ്തനാണെന്നും മനസിലാക്കാൻ കഴിഞ്ഞു. വിവാഹം കഴിക്കാൻ വേണ്ടുന്ന യോഗ്യതകളിൽ വിദ്യാഭ്യാസവും തൊഴിലും പോലെ തന്നെ പ്രധാനമാണ് മനോനിലയും, സ്വഭാവവും…!! മുൻകോപിയായ , ദേഷ്യം വരുമ്പോൾ കണ്ണിൽക്കണ്ടതെല്ലാം. എറിഞ്ഞു പൊട്ടിയ്ക്കുന്ന ഒരു മകനെക്കൊണ്ട്… പെണ്ണ് കെട്ടിക്കാൻ തുടങ്ങുമ്പോൾ മാതാപിതാക്കൾ ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. മുൻകോപവും എടുത്തുചാട്ടവുമൊക്കെയുള്ള മകൻ /മകൾ പെരുമാറ്റ വൈകല്യമുള്ള ആളാണെന്ന് മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട് . എന്നുവച്ചാൽ എല്ലാവരും കല്യാണം കഴിക്കാൻ പ്രാപ്തരല്ല എന്നു തന്നെയാണ് സാരം. കല്യാണം കഴിക്കുന്നതോടെ അവൻ/അവൾ ശരിയാകും എന്ന ധാരണ തെറ്റാണ്. കെട്ടിക്കൊണ്ട് വരുന്ന ആൾ ഒരിക്കലും മകനെ /മകളെ നോർമലാക്കിയെടുക്കുന്ന ഒരു തെറാപ്പിസ്റ് അല്ല ഒരു മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച ഒരമ്മയെന്ന നിലയിൽ ഞാൻ പറയും….

സ്വന്തമായി താലി വാങ്ങാനും,വീട്‌ പെയിന്റ് ചെയ്യാനും, വിവാഹത്തിനായി ക്ഷണിച്ചു വരുത്തുന്ന അതിഥികൾക്ക് ഭക്ഷണം കൊടുക്കാനും ഉള്ള പണം പെൺ വീട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങുന്ന അച്ചാരപ്പണം ആകരുത്.അവളുടെ വീട്ടിൽ നിന്നും അവൾക്ക് കൊടുക്കുന്ന പണമോ പണ്ടമോ അവളുടെ സുരക്ഷക്കു വേണ്ടി കൊടുക്കുന്നതാണ്. പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച്ച പെൺകുട്ടിയുടെ വീട്ടുകാർ അവൾക്കു വേണ്ടി വാങ്ങുന്ന വസ്തുവിൻ മേലോ വീട്ടിൻ മേലോ ഭർത്താവിനും കൂടി അവകാശം കാണിക്കുന്നത്. അതായത് പ്രമാണം ചെയ്യുമ്പോൾ രണ്ടു പേരുടെയും പേരിൽ വാങ്ങിക്കണമെന്ന് ചില മുതു കാരണവന്മാർ പ്രശ്നം ഉണ്ടാക്കാറുണ്ട്. ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാർ അതിനു തയ്യാറാവുകയും ചെയ്യുന്നു.ആൺകുട്ടികളെ ഒരുപാട് ലാളിച്ച് ഇല്ലായ്മ ചെയ്യുന്നതും, തെറ്റുകൾ കണ്ടാൽ തിരുത്താതെ അതിനെ ന്യായീകരിച്ച് മറ്റുള്ളവരുടെ മുന്നിൽ തന്റെ മകൻ നല്ലവനാണെന്ന് വരുത്താനും ശ്രമിക്കുന്ന അമ്മമാർ ഓർക്കുക നിങ്ങൾ ആ മകനെ സ്നേഹിയ്ക്കുകയല്ല കൊല്ലുകയാണെന്ന്. മക്കൾ നമ്മളെക്കാൾ വളർന്നുകഴിഞ്ഞാൽ നമുക്ക് അവരുടെ പല ഇഷ്ടങ്ങളും, ലൈംഗീക താൽപ്പര്യങ്ങളും അറിയാൻ കഴിയില്ല. വിവാഹം കഴിയുന്നതോടെ നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും നല്ലതും, ചീത്തയും കൂടുതൽ അറിയുന്നത് കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെൺകുട്ടികളാണ്. ചിലപ്പോൾ നമ്മൾ അയ്യോ പാവം എന്നൊക്കെ പറയുന്ന നമ്മുടെ മകന്റെ കൊള്ളരുതായ്മകൾ മുഴുവൻ കാണുന്നതും,

അനുഭവിക്കുന്നതും വീട്ടിൽ വന്നുകയറുന്ന പെൺകുട്ടികൾ ആണ്. ഒരുപക്ഷേ ആ മോൾ അമ്മയോട് മകന്റെ സ്വഭാവ വൈകൃതങ്ങൾ അറിയിക്കുമ്പോൾ അമ്മ തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്…! കല്യാണത്തിന് മുൻപ് അവൻ നല്ലതായിരുന്നു. നിന്നെ കെട്ടിക്കൊണ്ട് വന്നതിനു ശേഷമാണ് അവൻ ഇങ്ങനെ ആയതെന്ന്……!! ഓർത്തോളൂ അങ്ങനെ പറയുന്ന അമ്മമാർ ആ വീടിന്റെ ശാപമാണ്, നിങ്ങൾ നിങ്ങളുടെ മകന്റെ ജീവിതം അത്തരം വാക്കുകൾ കൊണ്ട് സപ്പോർട്ട് ചെയ്ത് അവനെ നാമാവശേഷമാക്കുകയാണ്… വീട്ടിൽ വിവാഹിതയായി വരുന്ന കുട്ടി സ്വന്തം മകൾ തന്നെയാണെന്നും, അവൾ പ്രസവിക്കേണ്ടത് തന്റെ കുടുംബത്തിന്റെ അടുത്ത തലമുറയെ ആണെന്നും ഉൾക്കൊള്ളുക. തന്റെ മകന്റെ സന്തോഷത്തിന്റെ താക്കോൽ ആണ് മരുമകൾ എന്നു ചിന്തിക്കുക.രണ്ടു കുടുംബങ്ങളും തമ്മിൽ ആരോഗ്യപരമായ നല്ലൊരു ബന്ധം പുലർത്തുക. നമ്മുടെ കാലശേഷവും നമ്മുടെ മകന് കൂട്ടാവേണ്ടവരാണ് എന്ന ബോധം എപ്പോഴും ഉണ്ടാവണം… ഇതിനെല്ലാം ഉപരിയായി പെൺകുട്ടികൾ അറിയാൻ,,,,

വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും നേടുന്നതിനൊപ്പം തന്നെ നല്ലതും, ചീത്തയും തിരിച്ചറിയാനുള്ള കഴിവും, എന്തിനെയും നേരിടാനുള്ള മനോധൈര്യവും കൂടി ആർജ്ജിക്കുക.തെറ്റിനെ തെറ്റാണെന്നും, ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കു നിർബന്ധിക്കേണ്ടതില്ല എന്നും തുറന്നു പറയുക. ചെന്നു കയറുന്ന വീട്ടിൽ നമ്മുടെ സ്വന്തം വീട്ടിൽ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെ ആയിരിയ്ക്കുക. നിങ്ങൾ വിവാഹത്തിന് തൊട്ടു തലേന്നു വരെ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ഇരിയ്ക്കുക. ഒറ്റദിവസം കൊണ്ട് ഒരാളുടെയും ബേസിക് ക്യാരക്ടർ മാറ്റാൻ പറ്റുന്നതല്ല. അപ്പോൾ നിങ്ങൾക്ക് അഭിനയിക്കേണ്ടതായി വരും. ആ സ്വഭാവം നിങ്ങൾക്ക് നിലനിർത്തി കൊണ്ടുപോകാൻ കഴിയാതെ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞു വീഴും.അതിലും എത്രയോ നല്ലതാണ് കാര്യങ്ങൾ കണ്ടറിഞ്ഞും മനസിലാക്കിയും പ്രവർത്തിക്കുന്നത്…. ആ വീട്ടിലുള്ളവർ ഇനിമുതൽ എന്റെ വീട്ടിലുള്ളവർക്കൊപ്പമാണെന്ന ചിന്ത പെൺകുട്ടികൾക്ക് എപ്പോഴും ഉണ്ടാവേണ്ടതാണ്….

ഇനി അവൻ നിങ്ങളെ അടിയ്ക്കാനും തൊഴിക്കാനും മുതിരുമ്പോൾ ആ കാര്യം അവന്റെ വീട്ടുകാരെ അറിയിക്കുന്നതിനൊപ്പം സ്വന്തം മാതാപിതാക്കളേയും അറിയിക്കുക.ശീലങ്ങൾ മാത്രമേ മാറ്റാൻ കഴിയൂ.ശീലങ്ങൾ ക്രമേണ കൊണ്ട് സ്വഭാവമായി മാറിക്കഴിഞ്ഞാൽ അത്‌ മാറ്റാൻ പ്രയാസമായിരിയ്ക്കും. എന്നുവച്ചാൽ നിങ്ങൾ എത്ര ക്ഷമയോടെ കാത്തിരുന്നാലും അതൊന്നും മാറാൻ പോകുന്നില്ല തന്നെ…. സ്ത്രീകൾ പൊതുവേ Emotionally driven ആണെന്നുള്ളതാണ്… ഞാൻ ഡിവോഴ്സ് ചെയ്താൽ, ഞാൻ പിണങ്ങിപ്പോയാൽ എന്റെ ചേട്ടൻ ഒരുപാട് ദുഖിക്കുമല്ലോ, മാനസ മൈനേയും പാടി കടാപുറത്തുകൂടി നടക്കുമല്ലോ, പിന്നെ ഞാൻ അഹങ്കാരിയാണെന്നോ, മോശം പെണ്ണാണെന്നോ നാട്ടുകാർ പറയുമല്ലോ എന്നൊക്കെയുള്ള വൈകാരികപരമായ ചിന്തകൾ ഒഴിവാക്കുക. പെൺകുട്ടികൾ കുറച്ചൊക്കെ logically driven ആകുക… ഇങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ ലോജിക്കൽ ബ്രെയിൻ തന്നെയാണ് ആക്ട് ചെയ്യേണ്ടതും. ഒരുപാട് വിഷമതകൾ സഹിച്ചു കൊണ്ട് പോകുന്ന ഒരു ടോക്സിക് റിലേഷൻഷിപ് തുടരാതിരിയ്ക്കുന്നത് തന്നെയാണ് നല്ലത്. അല്ലാതെ മരണം ഒന്നിനുമുള്ള പരിഹാരമോ, കെട്ടുന്നവന്റെ കോപമടക്കാനായി വെട്ടിനുറുക്കാനും, കെട്ടിത്തൂക്കാനുമുള്ള വെറും ഒരു മാംസക്കഷ്ണമോ അല്ല പെണ്ണ്….! രണ്ടു വ്യക്തികൾ തമ്മിലുള്ള തുല്യ ജീവിതാവസ്ഥയെയാണ് നമ്മൾ പങ്കാളിത്തം എന്നുവിളിക്കുന്നത്. ഒരാൾക്ക് മറ്റൊരാളുടെ മേലുള്ള മേൽക്കോയ്മയേയും, അടിച്ചമർത്തലിനെയും തുല്യ പങ്കാളിത്തം എന്നു വിളിക്കാൻ കഴിയില്ല…