അന്ന് പനച്ചുവിനോട് ഞാൻ പറഞ്ഞു ഇതെന്റെ ജീവിതം ആണെന്ന്!

കഴിഞ്ഞ ദിവസം ആണ് കോവിഡ് ബാധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും ആയ അനിൽ പനച്ചൂരാൻ മരണപ്പെട്ടത്. സിനിമ ലോകം ഒന്നടങ്കം ആണ് അനിൽ പാരച്ചൂരാന് ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്. അനിൽ പനച്ചൂരാനുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രതീഷ്…

Ratheesh Vega post about Anil Panachooran

കഴിഞ്ഞ ദിവസം ആണ് കോവിഡ് ബാധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും ആയ അനിൽ പനച്ചൂരാൻ മരണപ്പെട്ടത്. സിനിമ ലോകം ഒന്നടങ്കം ആണ് അനിൽ പാരച്ചൂരാന് ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്. അനിൽ പനച്ചൂരാനുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രതീഷ് വേഗ. തന്റെ ഫേസ്ബുക്കിലൂടെയാണ് രതീഷ് അനിൽ പനച്ചൂരാനുമായുള്ള നല്ല നിമിഷങ്ങൾ പങ്കുവെച്ചത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം,

“നീയാം തണലിന് താഴെ.. ഞാനിനി അലിയാം കനവുകളാൽ” ‘കോക്ക്ടെയിൽ’ എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളിൽ ഇടം നൽകുന്നത്. ‘പനച്ചു’ എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനിൽ പനച്ചൂരാൻ. അദ്ദേഹവുമായി എന്റെ ഓർമ്മകൾ ആദ്യമായി സംഗീതം നൽകിയ Cafelove എന്ന ആൽബത്തിലെ ‘കിളിവാതിൽ മെല്ലെ’ എന്ന ഗാനത്തിൽ നിന്നും തുടങ്ങുന്നു.

പിന്നീട് ‘കോക്ക്ടെയിൽ’ എന്ന ഞാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രത്തിലേക്ക്. ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി കൊച്ചി എടശ്ശേരി മാൻഷൻ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന്‌ ഞാൻ സ്വയം വിലയിരുത്തുന്ന ഗാനം പിറന്നത്. ‘നീയാം തണലിന് താഴെ’ എന്ന വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് “ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന്‌ വിലയിരുത്തപ്പെടേണ്ടത്” ഈണങ്ങൾ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വരികളിലൂടെയാണ്. കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും. എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്.