സെന്‍സര്‍ ബോര്‍ഡുകള്‍ക്കും തടുക്കാനായില്ല: കന്യാസ്ത്രീകളുടെ അറിയാക്കഥകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ‘അക്വേറിയം’

നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഹൈക്കോടതിയുടെ അനുമതിയോടെ അക്വേറിയം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. സെന്‍സര്‍ ബോര്‍ഡുകളുടെ വിലക്കുകളെ മറികടന്ന് ഒ.ടി.ടി ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക…

നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഹൈക്കോടതിയുടെ അനുമതിയോടെ അക്വേറിയം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. സെന്‍സര്‍ ബോര്‍ഡുകളുടെ വിലക്കുകളെ മറികടന്ന് ഒ.ടി.ടി ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. സഭയിലെ ലൈംഗിക പീഡന ആരോപണമടക്കം സമീപകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ സിനിമ സമീപിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി ദേശിയ പുരസ്‌കാര ജേതാവായ ടി. ദീപേഷാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കുശേഷം അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ മത വികാരം വൃണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ചിലര്‍ ഡല്‍ഹി, കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണം എന്നായിരുന്നു ആവശ്യം.

ഇതിനിടെ സിനിമയ്ക്ക് എതിരെ പ്രതികൂല നിലപാടാണ് സെന്‍സര്‍ ബോര്‍ഡ് കേരള-കേന്ദ്ര ഘടകങ്ങള്‍ സ്വീകരിച്ചത്. ഇതോടെ ചിത്രത്തില്‍ നിരവധി തുറന്നുപറച്ചിലുകളും നേര്‍ക്കാഴ്ചകളും ഉണ്ടാകുമെന്നത് ഉറപ്പായി. ഇതോടെ സിനിമയ്ക്ക് എതിരെ പ്രതിഷേധം ശക്തമായെങ്കിലും പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ കോടതികള്‍ തള്ളി.

ഇതിനിടെ സെന്‍സര്‍ ബോര്‍ഡ്‌ ട്രിബ്യൂണല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചത് വഴിത്തിരിവായി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചു. ഇതോടെ ചിത്രം സൈനപ്ലേയിലൂടെ റിലീസിന് ഒരുങ്ങുകയാണ്.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങിനെ ചൂഷണം ചെയ്യുന്നു എന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പൂര്‍ണമായും ഒരു സ്ത്രീ പക്ഷ സിനിമായണ് അക്വേറിയം എന്ന് സിനിമയുടെ സംവിധായകന്‍ ദീപേഷ് പറയുന്നു. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്, അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ഹണി റോസിനൊപ്പം സണ്ണി വെയ്ന്‍ നിര്‍ണായക വേഷത്തിലെത്തുന്നു. ശാരി ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ ചെയ്യുന്നത്. വി.കെ പ്രകാശ്, രാജശ്രീ പൊന്നപ്പ, സാബു സിറിള്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം പ്രദര്‍ശനമാരംഭിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന  ആകാംക്ഷയിലാണ്‌ സിനിമാ ലോകം.