മലയാളിക്ക് എന്നാണ് ‘തന്ത’ ഉണ്ടായത്: ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടയില്‍ വൈറലായി രഞ്ജി പണിക്കരുടെ വാക്കുകള്‍

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള പ്രണയ വിവാഹങ്ങളില്‍ ജാതിയും മതവും കടന്നുവരുകയും, തീവ്രവാദം എന്ന രീതിയില്‍ ലൗ ജിഹാദ് പോലുള്ള ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ഈ കാലത്ത് നടനും സംവിധായകനും എഴുത്തുകാരനുമൊക്കെ ആയ രഞ്ജി പണിക്കരുടെ…

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള പ്രണയ വിവാഹങ്ങളില്‍ ജാതിയും മതവും കടന്നുവരുകയും, തീവ്രവാദം എന്ന രീതിയില്‍ ലൗ ജിഹാദ് പോലുള്ള ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ഈ കാലത്ത് നടനും സംവിധായകനും എഴുത്തുകാരനുമൊക്കെ ആയ രഞ്ജി പണിക്കരുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മലയാളിക്ക് എന്നാണ് ‘തന്ത’ ഉണ്ടായതെന്ന് രഞ്ജി പണിക്കര്‍ ചോദിക്കുന്നു.

നൂറു വര്‍ഷം പിന്നിലേയ്ക്ക് പോയാല്‍ മലയാളിക്ക് സ്വന്തം പൃതൃത്വം അവകാശപ്പെട്ടാനുള്ള അവസരം ഉണ്ടായിരുന്നില്ലാ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ക്യാമ്പസുകളെ കോര്‍ത്തിണക്കി കൈരളി ചാനല്‍ നടത്തിയ ഒരു പഴയ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് രഞ്ജി പണിക്കരുടെ പരാമര്‍ശങ്ങള്‍.

മുമ്പ്, പ്രത്യേകിച്ചും സവര്‍ണ വിഭാഗത്തിന് അച്ഛന്‍ എന്ന സങ്കല്‍പ്പം ഉണ്ടായിരുന്നില്ല, പകരം സംബന്ധക്കാരന്‍, അല്ലെങ്കില്‍ അമ്മയുടെ നായര്‍ ഒക്കെയാണ് ഉണ്ടായിരുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. സംബന്ധക്കാരന്‍ എത്തി വീട്ടില്‍ ബന്ധം സ്ഥാപിക്കുകയും അവിടെ ഒരു സ്ത്രീയോടൊപ്പം രാത്രി കാലങ്ങള്‍ ചിലവഴിക്കുകയും രാവിലെ ഇയാള്‍ രാത്രിയില്‍ കൊണ്ടുവന്ന ചൂട്ടുകറ്റ കൊളുത്തി നടന്ന് പോവുകയും ചെയ്യും.

വീട്ടിലെ കാരണവര്‍ക്ക് ഈ സംബന്ധക്കാരനെ ബോധ്യമല്ലാതാകുന്ന ഒരു കാലമുണ്ടായാല്‍ ‘നീ ആ പായ അങ്ങ് മടക്കി അകത്ത് വെച്ചുകൊള്ളു എന്ന് പറയും’. അങ്ങിനെ ചെയ്തുകഴിഞ്ഞാല്‍ സംബന്ധക്കാരന്‍ വരുമ്പോള്‍ അയാള്‍ക്ക് ഉമ്മറത്ത് ഇരിക്കാനുള്ള പായയോ അയാള്‍ക്ക് മുറുക്കാനുള്ള ചെല്ലമോ വിശറിയോ ഒന്നും ഉണ്ടാവില്ല.

ആ സംബന്ധക്കാരന്‍ പോകും. അടുത്ത സംബന്ധക്കാരന്‍ വരും. ആദ്യത്തെ കുട്ടിയുടെ അച്ഛനായിരിക്കില്ല രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍. നമ്മള്‍ പറയുന്ന മഹത്തായ കുടുംബം പാരമ്പര്യം എന്നിവയൊക്കെ ഉണ്ടായിട്ട് കുറച്ച് കാലങ്ങളേ ആയിട്ടുള്ളു. ബഹു ഭാര്യാത്വവും ബഹു ഭര്‍ത്വത്തവും കേരളത്തിലുണ്ടായിരുന്നു. ഇത് ചരിത്രാതീത കാലത്തെയല്ല, നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കാര്യമാണെന്നും രഞ്ജി പണിക്കര്‍ ഓര്‍മ്മിപ്പിക്കുന്നു.

അന്ന് കുടുംബ നാഥന്‍ എന്ന സങ്കല്‍പ്പമേ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന് ഭാര്യയെ പരിചരിക്കുന്നതിനും ഭാര്യയ്ക്ക് ഭര്‍ത്താവിനെ മാത്രം പരിചരിക്കുന്നതിനുമുള്ള അന്തരീക്ഷം അന്ന് ഉണ്ടായിരുന്നില്ല. ആരൊക്കയോ വെച്ച് വിളമ്പുന്നു, ആരൊക്കയോ ഉണ്ണുന്നു, ആരൊക്കയോ ഉറങ്ങുന്നു, കുട്ടികള്‍ ഉണ്ടാകുന്നു എന്നൊക്കെ അല്ലാതെ രണ്ട് വ്യക്തികളിലേയ്ക്ക് ഒതുങ്ങുന്ന കുടുംബ പശ്ചാത്തലം ഉണ്ടായിട്ട് അധികമായില്ല. അങ്ങിനെ സംഭവിക്കുമ്പോഴുള്ള പോരായ്മകളെയും മറ്റും കുറിച്ച് നാം പഠിച്ചുവരുന്നതേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.