ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ! 18 വയസില്‍ കേട്ട ചോദ്യം മനസിലുണ്ടാക്കിയ വിഷമത്തെ കുറിച്ച് രശ്മി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ! 18 വയസില്‍ കേട്ട ചോദ്യം മനസിലുണ്ടാക്കിയ വിഷമത്തെ കുറിച്ച് രശ്മി

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയായ നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യത്തെ കുറിച്ചെല്ലാം രശ്മി പറഞ്ഞിരുന്നു. അതെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചുമെല്ലാം പറഞ്ഞിരിക്കുകയാണ്.

മനസിനക്കര ആണ് ആദ്യ സിനിമ എങ്കിലും അതിന് മുന്‍പ് ചില അവസരങ്ങള്‍ വന്നെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം വേണ്ടെന്ന് വെച്ചിരുന്നു. കല്യാണം കഴിഞ്ഞ് മൂത്ത മോന്‍ ജനിച്ച ശേഷമാണ് മനസിനക്കരയില്‍ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമ വിട്ട് കളയാന്‍ തോന്നിയില്ല. ബോബന്‍ ചേട്ടനും പറഞ്ഞു. തുടര്‍ന്നും സത്യന്‍ സാറിന്റെ സിനിമകളില്‍ എനിക്ക് മികച്ച കഥാപാത്രങ്ങള്‍ കിട്ടി. ഇതിനോടകം അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. ഇനി റിലീസിനാകാനുള്ളത് വണ്‍ ആണ്.

ഞാനും ബോബന്‍ ചേട്ടനും പ്രണയിച്ച് വിവാഹിതരായവരാണ്. ബോബന്‍ സാമുവലും രശ്മി നമ്പ്യാരും ചേര്‍ന്നാണ് രശ്മി ബോബന്‍ ആയത്. ചേട്ടന്‍ കെ കെ രാജീവ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം സൗഹൃദവും പിന്നീട്ട് പ്രണയമായി. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരു വീട്ടിലും ആദ്യം എതിര്‍പ്പായിരുന്നു. പക്ഷേ ഒടുവില്‍ വിവാഹം നടത്തി തന്നു. ഒളിച്ചോടി പോകേണ്ടി വന്നില്ല. ആ കാലഘട്ടത്തില്‍ സീരിയലില്‍ അഭിനയിക്കുന്നത് ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ എന്റെ അച്ഛനന്മമാര്‍ പിന്തുണ തന്നത് കൊണ്ടാണ് എനിക്ക് കരിയറില്‍ ഉയരാന്‍ പറ്റിയത്.

അടുത്തിടെ ഒരു അഭിമുഖത്തിന്റെ ഫുഡ് സെഗ്മെന്റില്‍ എന്റെ ശരീര പ്രകൃതത്തെ കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഞാന്‍ ചെറുപ്പം മുതല്‍ അത്യാവശ്യം വലിയ ശരീരപ്രകൃതമുള്ള ആളാണ്. അതിന്റെ പേരില്‍ ഒരുപാട് അപമാനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കുറേ ആള്‍ക്കാര്‍ ഉപദേശങ്ങള്‍ തരും. അങ്ങനെ ചെയ്താല്‍ മതി ഇങ്ങനെ ചെയ്താല്‍ മതി എന്നൊക്കെ. ഓരോരുത്തര്‍ക്കും ഓരോ ജീവിത യാത്രയാണല്ലോ. മറ്റൊരാള്‍ ചെയ്യുന്നത് പോലെ നമ്മള്‍ ചെയ്യണമെന്നില്ലല്ലോ.

ഒരിക്കല്‍ ഒരു സംഭവമുണ്ടായി. കുഞ്ഞ് മനസിനുണ്ടാകുന്ന കുഞ്ഞ് കുഞ്ഞ് വേദനകള്‍ നമ്മെ ഇപ്പോഴും പിന്തുടരും എന്ന് പറയാറില്ലേ. അങ്ങനെയൊരു സംഭവമാണിത്. എന്റെ കസിന്റെ കല്യാണത്തിന് ഞാന്‍ സാരിയൊക്കെ എടുത്ത് മാച്ച് ചെയ്യുന്ന ബ്ലൗസും അണിഞ്ഞ് എക്‌സൈറ്റഡായി പോയി. ആദ്യമായിട്ടാണ് ഒരു കല്യാണത്തിന് സാരി ഉടുത്ത് പോയത്. പതിനെഴോ പതിനെട്ടോ വയസ്സുണ്ടാകും. അപ്പോള്‍ കല്യാണ സ്ഥലത്ത് വച്ച് പരിചയപ്പെട്ട ഒരു സ്ത്രീ പറയുകയാണ്, ഇവളെ കണ്ടാല്‍ ഒന്ന് പെറ്റ പെണ്ണിനെ പോലെ ഉണ്ടല്ലോ എന്ന്. അത് വലിയ സങ്കടമായി. ഉള്ളില്‍ കുത്തി കീറുന്ന ഫീല്‍ ആയിരുന്നു.

പല സ്ഥലത്തും ഞാന്‍ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പറയുമ്പോള്‍ ധാരാളം ഉപദേശങ്ങള്‍ വരും. മടിയായത് കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയില്‍. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാന്‍ അത്യാവശ്യം വര്‍ക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിന് വേണ്ടി ചത്ത് കിടക്കാറില്ല. അത് മടിയെങ്കില്‍ ഞാന്‍ മടിച്ചിയാണ്. ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തില്‍ എനിക്ക് മുതിര്‍ന്ന കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ജ്വാലയായി ല്‍ 35 വയസുകാരിയായപ്പോള്‍ എന്റെ പ്രായം 19 ആണ്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോള്‍ ഞാനത് പരിഗണിക്കാറുണ്ട് പോലുമില്ല.

Trending

To Top