‘സന്തോഷങ്ങളില്‍ മനസ്സ് തുള്ളിച്ചാടുകയും ചെയ്യുന്നവരാണോ? നിങ്ങളീ സിനിമ ഒരിക്കലെങ്കിലും കാണണം’ കുറിപ്പ്

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വര്‍ത്തമാനകാല രാഷ്ട്രീയവും വ്യവസ്ഥിതിയും പച്ചയോടെ അവതരിപ്പിക്കുന്ന സിനിമ…

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വര്‍ത്തമാനകാല രാഷ്ട്രീയവും വ്യവസ്ഥിതിയും പച്ചയോടെ അവതരിപ്പിക്കുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

Jana-Gana-Mana-trailer

‘നിങ്ങളെ സ്വാധീനിക്കുന്ന രാഷ്ട്രീയമേതുമാവട്ടെ …! നിങ്ങള്‍ ജനിച്ചു ജീവിക്കുന്ന മതമേതുമാവട്ടെ …! നിങ്ങളൊരു മനുഷ്യനാണോ?? നിങ്ങളീ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടോ ?? രാജ്യമെന്നാല്‍ കുറെ ഭൂയിടങ്ങള്‍ മാത്രമല്ലെന്നും ഇവിടെ ജീവിക്കുന്ന 135കോടി മനുഷ്യരാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?? മതമോ രാഷ്ട്രീയമോ നോക്കാതെ എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന ബോധ്യത്തോടെ ചുറ്റുമുള്ള മനുഷ്യരുടെ വേദനകളില്‍ ഉള്ളുനോവുകയും അവരുടെ സന്തോഷങ്ങളില്‍ മനസ്സ് തുള്ളിച്ചാടുകയും ചെയ്യുന്നവരാണോ ?? നിങ്ങളീ സിനിമ ഒരിക്കലെങ്കിലും കാണണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

‘പട്ടിണിയില്ലാതെ വിശപ്പറിയാതെ, വിദ്യാഭ്യാസവും ചികിത്സയും അവകാശം പോലെ അനുഭവിക്കാന്‍ കഴിയുന്നൊരു ജനത എന്റെ രാജ്യത്തുണ്ടാകുന്നതാണ് ഞാന്‍ സ്വപ്നം കാണുന്ന ഒന്നാമത്തെ വികസനവും എന്റെ രാഷ്ട്രീയവും.. അവിടെ മനുഷ്യര്‍ തുല്യരാക്കപ്പെടും എന്ന് വിശ്വസിക്കുന്നതിനാലാണത്, മതവും ജാതിയും ഉപജാതിയും അധികാരവും രാഷ്ട്രീയവും കൂട്ടുമുന്നണികളും അംഗന്‍വാടി മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെ മാത്രമല്ല തെരുവുകളിലും ആരാധനാലയങ്ങളിലും വരെ ഇരകളെയും വേട്ടനായ്ക്കളെയും സൃഷ്ടിക്കുന്ന കെട്ടകാലത്തുനിന്നും നമ്മുടെ രാജ്യത്തിന് പരിപൂര്‍ണ്ണമോചനമുണ്ടാകുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാവേണ്ടതെന്നു ഇന്നും വിശ്വസിക്കുന്നതിനാല്‍ ”ജനഗണമന” എനിക്ക് പ്രിയപ്പെട്ടതാവുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

‘നിങ്ങളും കാണണം ..മനുഷ്യനാണെങ്കില്‍ മസ്തകം മതവും രാഷ്ട്രീയവും കൊണ്ട് ചിതലരിച്ചു തുടങ്ങിയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കീ സിനിമ ഇഷ്ടമാകും …! മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ വാര്‍ത്തകളായി മീഡിയകള്‍ നമുക്ക് മുന്നിലേക്കിട്ടു തരുന്ന കാലത്തും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി ജീവിക്കാന്‍ കഴിയുമ്പോഴാണ് ഞാനും നിങ്ങളും മനുഷ്യരാകുന്നത് …! പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് തുടങ്ങി മുഴുവന്‍ അഭിനേതാക്കള്‍ക്കും സംവിധായകന്‍ ഡിജോ ജോസ് ആന്റണി, രചയിതാവ് ഷാരിസ് മുഹമ്മദ് തുടങ്ങി മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.