‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’; റോക്കട്രിയിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത്

നടന്‍ ആര്‍.മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രഞ്ജനായ നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമയാണിത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ ഗാനത്തിന്റെ ടീസര്‍ ആണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ ആണ് ചിത്രത്തിനായി പുറത്തിറക്കിയത്. മാധവന്‍ തന്നെയാണ് സുപ്രഭാതത്തിന്റെ പുതിയ വേര്‍ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് മാധവന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സുപ്രഭാതത്തിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്.

‘ഇത് ഞങ്ങളുടെ റോക്കട്രി എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണ്. സുപ്രഭാതത്തിന്റെ സ്ലോ വേര്‍ഷന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകള്‍ ഒരു നിശ്ചിത താളത്തിലാണ് പാടിയിരിക്കുന്നതെന്ന് മനസ്സിലായി. തുടര്‍ന്ന് സുപ്രഭാതം വീണ്ടും കമ്പോസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്റെ സംഗീതസംവിധായകന്‍ ദിവാകര്‍ അത് ശരിക്കും ചെയ്തു.’ എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജൂലായ് ഒന്നിനാണ് ‘റോക്കട്രി’ റിലീസ് ചെയ്യുക. തമിഴിന് പുറമെ, മലയാളം ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. നേരത്തേ കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി എത്തുക. കൂടാതെ ഷാരൂഖ് ഖാനും സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Previous article‘ദുല്‍ഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട് കെട്ടിക്കാന്‍..?’ വൈറലായി ടീസര്‍
Next articleവിവാഹിതരാവാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!!! മുന്നറിയിപ്പുമായി അശ്വതി ശ്രീകാന്ത്