എല്ലാം മറന്ന് ചിരിക്കാന്‍ പറ്റിയ ചിത്രം രോമാഞ്ചം; ഒടിടിയിലെത്തുന്നു

അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍ രചനയും, സംവിധാനവും നിര്‍വഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം…

അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍ രചനയും, സംവിധാനവും നിര്‍വഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം ലഭിച്ച സിനിമ വന്‍ വിജയമാണ് നേടിയത്. ചിത്രം ഉടന്‍ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏപ്രില്‍ 1 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.

ഹൊറര്‍ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചതായാണ് പുതിയ വാര്‍ത്ത. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.