വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ? ബിന്ദു പണിക്കരോട് മമ്മൂട്ടി! സമ്മാനം നല്‍കി ദുല്‍ഖര്‍

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം റോഷാക്കിന്റെ വിജയാഘോഷം നടന്നത്.
വിജയാഘോഷവേളയില്‍ നടന്‍ ആസിഫ് അലിയ്ക്ക് താരം റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു. ഇതിന്റെ ചിത്രവും വീഡിയോയുമെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ഇപ്പോഴിതാ നടി ബിന്ദു പണിക്കരും റോഷാക്കിന്റെ വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയിരിക്കുകയാണ്. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന ബിന്ദു പണിക്കരുടെ വിഡിയോ മകള്‍ കല്യാണിയാണ് വീഡിയോ പങ്കുവച്ചത്.

ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്കു കടന്ന് വരുന്നുണ്ട്. ആസിഫ് അലിക്ക് മമ്മൂട്ടി റോളക്‌സ് വാച്ച് സമ്മാനിച്ച കാര്യം പറഞ്ഞാണ് മമ്മൂട്ടിയും വേദിയിലേക്ക് എത്തിയത്.

”വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ? ബിന്ദു എന്നോട് റോള്‍ പോലും ചോദിച്ചില്ല. പക്ഷേ ഞങ്ങള്‍ റോള്‍ കൊടുക്കുകയായിരുന്നു. ഈ റോളിലേക്ക് പലരും വന്നിരുന്നു. പക്ഷേ ആരും ശരിയായില്ല. അപ്പോള്‍ താനാണു പറഞ്ഞത്, ഈ റോള്‍ ബിന്ദു ചെയ്തു തരുമെന്ന് എന്ന് മമ്മൂക്ക പറഞ്ഞു.

റോഷാക്കിലെഏറ്റവും വലിയൊരു ഭാഗമാണ് ബിന്ദു പണിക്കര്‍. ശക്തമായ സ്ത്രീ കഥാപാത്രം എന്നൊക്കെ പറയുമ്പോള്‍ ഗുസ്തി പിടിക്കുന്ന ശക്തിയല്ല, കഥാപാത്രത്തിന്റെ ആത്മാവിന് ശക്തിയുള്ള കഥാപാത്രം ആദ്യമായിട്ടാണ് ഒരാള്‍ ചെയ്യുന്നതെന്ന് തോന്നുന്നു. മുന്‍പ് ആരെങ്കിലും അത്തരം കഥാപാത്രം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരുപാട് കഥാപാത്രങ്ങള്‍ ഭംഗിയായി ചെയ്തിട്ടുള്ള, മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ബിന്ദു ഈ കഥാപാത്രം ഏറ്റെടുക്കാന്‍ കാണിച്ച ധൈര്യമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരം സ്വീകരിച്ച് എല്ലാവരോടും ബിന്ദു പണിക്കര്‍ നന്ദിയും പറഞ്ഞു.
ഈ വേദിയില്‍ നിന്ന് എന്തു പറയണമെന്ന് അറിയില്ല. ഒരുപാട് നാളിനു ശേഷമാണ് ഇത്തരമൊരു പടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചത് എന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യമെന്നും താരം പറഞ്ഞു.

ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. എനിക്ക് അത്രയും സന്തോഷമായി. എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.

റോഷാക്കില്‍ ശ്രദ്ധേയമായ വേഷമാണ് ബിന്ദു പണിക്കറും ചെയ്തത്. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം റിലീസ് ആയതുമുതല്‍ അമ്മയെ അഭിനന്ദനം അറിയിക്കാനായി ഒരുപാടുപേര്‍ തന്നെ വിളിച്ചിരുന്നെന്നും കല്യാണി പറഞ്ഞു. പ്രേക്ഷകര്‍ അമ്മയോടു കാണിക്കുന്ന സ്‌നേഹത്തിനു നന്ദിയുണ്ടെന്നും പറഞ്ഞാണ് കല്യാണി വീഡിയോയും പങ്കുവച്ചത്.

”റോഷാക്ക് എന്ന ചിത്രം ഇറങ്ങിയതു മുതല്‍, ഒരുപാടു നാളുകള്‍ക്ക് ശേഷം അമ്മയോടു സംസാരിക്കാനും അഭിനയത്തെ അഭിനന്ദിക്കാനുമായി ഒരുപാട് പേര്‍ എത്തിയിരുന്നു. അതുകൊണ്ടാണ് ഈ പ്രത്യേക വിഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. അമ്മയ്ക്ക് നല്‍കിയ സ്നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു. അമ്മയെ ഓര്‍ത്ത് എനിക്ക് വളരെയധികം അഭിമാനമുണ്ട്.” എന്നാണ് വിഡിയോ പങ്കുവച്ച് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Anu B