ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക്; 15 വിഭാഗങ്ങളില്‍ മത്സരിക്കും

ജൂനിയര്‍ എന്‍ടിആറും രാം ചരണും അഭിനയിച്ച എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക് എന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. മികച്ച സിനിമ, സംവിധായകന്‍,…

ജൂനിയര്‍ എന്‍ടിആറും രാം ചരണും അഭിനയിച്ച എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക് എന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഓസ്‌കര്‍ നോമിനേഷനു വേണ്ടി തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.

ഇന്ത്യയെമ്പാടും തരംഗമായ ആര്‍ആര്‍ആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകര്‍പോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആര്‍ആര്‍ആറിനെ ഓസ്‌കര്‍ വരെ എത്തിച്ചിരിക്കുന്നത്. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ചെല്ലോ ഷോയുടെ എന്‍ട്രി. മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരമെങ്കില്‍ ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടുന്ന മെയ്ന്‍ സ്ട്രീം കാറ്റഗറിയാണ് ആര്‍ആര്‍ആര്‍ സ്വന്തമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്.