അവിടെ ആരും കഥ പറയാന്‍ വരാറില്ല, അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി; സൈജു കുറുപ്പ്

നായകനായും കോമഡി താരമായും സ്വഭാവ നടനായുമൊക്കെ സൈജു കുറുപ്പ് തിളങ്ങിയിട്ടുണ്ട്. എന്നാല്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തന്റെ സിനിമാഭിനയത്തെക്കുറിച്ച് ഭാര്യ അഭിപ്രായം പറയുന്നതിനെപ്പറ്റിയും മനസ് തുറക്കുകയാണ സൈജു കുറുപ്പ്. ഫില്‍മിഹൂഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമകളില്ലാതിരുന്ന സമയത്ത് സിനിമക്ക് വേണ്ടി ‘ഓഫീസ്’ തുറന്നു വെച്ചതിനെക്കുറിച്ചും തിരക്കഥകള്‍ എഴുതിയതിനെക്കുറിച്ചുമൊക്കെ വളരെ രസകരമായിട്ടാണ് സൈജു കുറുപ്പ് സംസാരിക്കുന്നത്. സിനിമ ഇല്ലാതിരുന്ന സമയത്ത് സിനിമാപരമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തില്‍ ഒരു ഓഫീസ് തുടങ്ങിയതിനെപ്പറ്റിയും സൈജു കുറുപ്പ് പറയുന്നു. ‘പനമ്പള്ളി നഗറില്‍ എന്റെ ഭാര്യയുടെ ഒരു വീടുണ്ട്. അതിനകത്ത് ഒരു റൂം ഞാനെന്റെ ഓഫീസാക്കി മാറ്റി. എനിക്ക് സിനിമകളൊന്നുമില്ലായിരുന്നു. കഥ കേള്‍ക്കാനും ഡിസ്‌കഷനും വേണ്ടിയാണ് ഞാന്‍ അത് ഓഫീസാക്കിയത്. പക്ഷെ ആരും വരാറില്ല. ഡിസ്‌കഷനും നടക്കുന്നില്ല, കഥ കേള്‍ക്കുന്നതും നടക്കുന്നില്ല’ എന്നാണ് സൈജു പറഞ്ഞ്.

ആ ഓഫീസില്‍ ആരും കഥ പറയാന്‍ വരാറില്ല. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുക, ഓഫീസില്‍ പോകുക, അവിടെ ഇരുന്ന് എന്തെങ്കിലുമൊക്കെ എഴുതുക. അങ്ങനെയാണ് താന്‍ എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ എഴുതുമ്പോള്‍ ആ കഥാപാത്രങ്ങളുടെയെല്ലാം മൂഡ്സ് വഴി നമ്മള്‍ യാത്ര ചെയ്യുന്നുണ്ട് എന്നാണ് തനിക്ക് തോന്നുന്നതെന്നും ആ സമയത്ത് രണ്ട് തിരക്കഥ എഴുതിയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഭാര്യ തന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയുമ്പോള്‍ തനിക്ക് ദേഷ്യം വന്നിരുന്നുവെന്നും കാരണം താന്‍ വിചാരിച്ചിരുന്നത് താന്‍ ഭയങ്കര പെര്‍ഫോമന്‍സാണ് എന്നായിരുന്നുവെന്നും സൈജു കുറുപ്പ് പറയുന്നു. ‘ഓരോ സിനിമകളും ഞാനും വൈഫും ഇരുന്ന് കാണുമ്പോള്‍, അടിപൊളിയായിട്ടുണ്ട് എന്ന് വൈഫ് ഇപ്പൊ പറയും, എന്ന് ഞാന്‍ വിചാരിക്കും. അപ്പൊ വൈഫ് പറയും, സൈജു എന്താ ഈ ചെയ്ത് വെച്ചിരിക്കുന്നത്. സൈജു ഇതല്ലേ കരിയറായി ചൂസ് ചെയ്തിരിക്കുന്നത്, കുറച്ച് ഹോം വര്‍ക്കൊക്കെ ചെയ്യണ്ടേ എന്ന്. അപ്പൊ എനിക്ക് ദേഷ്യം വരും. കാരണം എന്റെ വിചാരം ഞാന്‍ അത് വളരെ മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നു, എന്നാണ്. പക്ഷെ, പിന്നീട് അവള്‍ പറഞ്ഞത് കറക്ടാണ് എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി. അങ്ങനെ ഞാന്‍ അത് ആക്സപ്റ്റ് ചെയ്യാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞ് ഒരു അഞ്ചാറ് വര്‍ഷം കഴിഞ്ഞാണ് എനിക്കത് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയത്.’ സൈജു കുറുപ്പ് പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ ആണ് സൈജുവിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

Aswathy