Malayalam Article

പുതിയാള്‍ വരുമ്പോള്‍ പഴയ ഓര്‍മകളെ വഴിയില്‍ ഉപേക്ഷിക്കുമെന്നുള്ള മുന്‍വിധികളെ തള്ളുന്നു; സജീഷ്

മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് സിസ്റ്റര്‍ ലിനിയുടെ. നിപ്പയോടു പൊരുതി വീണ് ഈ ലോകത്തു നിന്നു മണ്‍മറഞ്ഞ ലിനിയെന്ന പോരാളി എന്നും ഓരോ മലയാളിയുടേയും മനസിലുണ്ടാകും.

ലിനിയുടെ ഓര്‍മകളെ കരുത്താക്കി തന്റെ മക്കളെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിച്ച സജീഷെന്ന അച്ഛന്‍ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. സജീഷ് തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. കൊയിലാണ്ടി പന്തലായനി സ്വദേശിയായ പ്രതിഭ തന്റെ മക്കള്‍ക്ക് തണലും താങ്ങുമായി എത്തുന്നുവെന്ന വിവരം ഫെയ്‌സ്ബുക്കിലൂടെയാണ് സജീഷ് പങ്കുവച്ചത്.

പുതിയൊരാള്‍ ജീവിതത്തിലേക്ക് വരുമ്പോള്‍ പഴയ ഓര്‍മകളെ വഴിയില്‍ ഉപേക്ഷിക്കുമെന്നുള്ള ചിലരുടെ മുന്‍വിധികളെ തള്ളിക്കൊണ്ടു പറയട്ടെ. ലിനിയെന്നും എന്റെ ജീവിതത്തില്‍ നിഴലായുണ്ടാകുമെന്ന് സജീഷ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സജീഷ് മനസു തുറന്നത്.

ലിനിയെന്നും എന്റെ ജീവിതത്തില്‍ നിഴലായുണ്ടാകും. അത് വിവേകത്തോടെ മനസിലാക്കിയിട്ടുള്ള, എന്റെ കുഞ്ഞുങ്ങളെ മക്കളായി ചേര്‍ത്തു പിടിക്കാനുള്ള പക്വതയുള്ള ഒരാളെയാണ് ഞാന്‍ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രതിഭ കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്. അധ്യാപികയാണ്. എന്റെയും ലിനിയുടേയും കുടുംബാംഗങ്ങള്‍ ഒരുപോലെ മുന്‍കയ്യെടുത്ത ശേഷമാണ് ഈ ബന്ധത്തിലേക്ക് എത്തിയത്.

വിവാഹം ഉറപ്പിപ്പിച്ചിട്ട് കുറച്ചു മാസമാകുന്നു. വിവാഹത്തിന്റെ ആലോചനകള്‍ നടക്കുമ്പോഴേ എന്റെ ജീവിതത്തെക്കുറിച്ചും ജീവിതത്തില്‍ ലിനിക്കുള്ള സ്ഥാനത്തെക്കുറിച്ചും ഞാന്‍ പ്രതിഭയെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അത് പ്രതിഭയും നൂറു ശതമാനം ആത്മാര്‍ഥതയോടെ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. എന്റെ മക്കള്‍ക്ക് രണ്ടാനമ്മയായിട്ടില്ല, അമ്മയായി തന്നെ പ്രതിഭ ഉണ്ടാകും എന്ന് എനിക്ക് നൂറുശതമാനം പ്രതീക്ഷയുണ്ട്.

പ്രതിഭ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതാണ്. ആ ബന്ധത്തിലൊരു മകളുണ്ട്. ദേവപ്രിയ, പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. എന്റെ കുഞ്ഞുങ്ങളെ നിറഞ്ഞ മനസോടെ സ്വീകരിക്കുമ്പോള്‍ ദേവ പ്രിയക്ക് എല്ലാ സ്‌നേഹ വാത്സല്യങ്ങളും നല്‍കുന്ന അച്ഛനായി ഞാനും ഒപ്പമുണ്ടാകുമെന്ന് സജീഷ് അഭിമുഖത്തില്‍ പറയുന്നു.

Gargi