സാമ്രാട്ട് പൃഥ്വിരാജ് ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് പ്രൈം വീഡിയോ

അക്ഷയ് കുമാര്‍ നായകനായെത്തിയ സാമ്രാട്ട് പൃഥ്വിരാജ് ഇനി ഒടിടിയില്‍. ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രം ജൂണ്‍ 3ന് ആയിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ജൂലൈ ഒന്നു മുതല്‍ ചിത്രം ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സാമ്രാട്ട് പൃഥ്വിരാജ് എത്തുക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രൈമിലൂടെ ചിത്രം കാണാനാവും.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പൃഥ്വിരാജ് ചൌഹാന്റെ റോളിലാണ് അക്ഷയ് കുമാര്‍ എത്തിയത്.

അടുത്തകാലത്ത് തിയറ്ററുകളില്‍ വന്‍ പരാജയം നേരിട്ട ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. 200 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍ 70 കോടിയില്‍ താഴെ മാത്രമാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 90 കോടിക്ക് താഴെയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Previous articleഅര്‍ജുന്‍ കപൂറിന് അഭിമാനിക്കാന്‍ വേണ്ടി പൊതുവേദിയില്‍ അടിവസ്ത്രം കാണിച്ച് രണ്‍വീര്‍ സിംഗ്
Next articleവീടിനുള്ളില്‍ മിസൈല്‍ തുളച്ചു കയറിയിട്ടും പതിവു പോലെ ഷേവ് ചെയ്യുന്ന യുവാവിനെ കണ്ട് അത്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ