Wednesday, February 8, 2023
HomeFilm News'പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയ ചിത്രം, ഇപ്പോഴും വന്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു'

‘പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയ ചിത്രം, ഇപ്പോഴും വന്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു’

മികച്ച വിജയം നേടി മുന്നേറുകയാണ് തമിഴ് ചിത്രം ലവ് ടുഡേ. ജയം രവി നായകനായ ‘കോമാളി’യുടെ സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ ചിത്രമാണ് ‘ലവ് ടുഡേ’. നവംബര്‍ നാലിന് തിയറ്ററില്‍ എത്തിയ ചിത്രത്തില്‍ നായകനായതും 29കാരനായ പ്രദീപ് തന്നെയാണ്. വിജയ് നായകനായെത്തിയ ‘ബിഗില്‍’ എന്ന ചിത്രം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ‘എജിഎസ്’ എന്റര്‍ടെയ്ന്‍മെന്റാണ് ‘ലവ് ടുഡേ’ നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്നിലെ ആസ്വാദകനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയ ചിത്രം ഇപ്പോഴും വന്‍ ഹിറ്റ് ആയി തമിഴ് നാട്ടില്‍ ഓടികൊണ്ടിരിക്കുകയാണെന്നാണ് സാന്‍ ജിയോ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

വല്ലപ്പോഴും തമിഴിൽ മാത്രം കാണുന്ന ഇത്തരം സിനിമകൾ സത്യത്തിൽ എന്നെ ഒത്തിരി സന്തോഷിപ്പിക്കാറുണ്ട്. പരിസരം മറന്ന് രസിപ്പിക്കാറുണ്ട്. എന്റെ ജാതി, മതം, നിറം, ഭാഷ, രാഷ്ട്രീയം എല്ലാം മറന്ന് കഥയിൽ മാത്രം ലയിച്ചിരുന്നു കാണാൻ മറുഭാഷ സിനിമകൾക്ക് മാത്രം കഴിയുന്നത് എന്തുകൊണ്ടാണ് എന്ന് അത്ഭുതപെടാറുമുണ്ട്. ഒന്നുകിൽ മലയാളം സിനിമയിൽ ഇതൊക്കെ ശക്തമായി വേരൂന്നിയിട്ടുണ്ട് അല്ലെങ്കിൽ മറുഭാഷക്കാരന്റെ രാഷ്ട്രീയം നമുക്ക് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന് നമ്മുടെ സിനിമയിൽ മാത്രം ഉള്ള പൊറോട്ട ബീഫ് കോമഡി എന്താണെന്ന് മറുഭാഷക്കാർക്കും മനസ്സിലാകുന്നില്ലല്ലോ?
അത് പോട്ടെ.. സിനിമയിലേക്ക് വരാം. എല്ലാം ഉള്ളുതുറന്ന് പറഞ്ഞ് പരസ്പരം പ്രണയിക്കുന്നവർ തമ്മിൽ ഫോൺ ഒന്ന് കൈമാറേണ്ടി വന്നാൽ പിന്നെ നടക്കുന്ന കോലാഹലമാണ് കഥ. ഒന്ന് രണ്ട് എക്സ് ലവേഴ്സിന്റെ നമ്പറും മെസ്സേജും കാണുമായിരിക്കും എന്ന് നമ്മൾ ഓർക്കുന്നിടത്തു നിന്ന് ഒത്തിരി താഴേക്ക് ഊളിയിട്ട് പോകുന്ന കഥ. പരസ്പരം മുറിവേൽപ്പിക്കുന്ന ഒത്തിരി സത്യങ്ങളാണ് ആ ഫോണുകൾ അവർക്ക് പറഞ്ഞ് കൊടുക്കുന്നത്. ആദ്യമാദ്യം അവളുടെ ഫോൺ തുറന്നു നോക്കേണ്ട എന്ന് കരുതുന്ന നായകൻ ആകാംഷ അതിരു വിടുമ്പോൾ അത് തുറന്ന് നോക്കുന്നു. പിന്നങ്ങോട്ട് അവളുടെ സകല വിഴുപ്പും പുറത്തേക് വീഴുകയാണ്. നായികയെ ക്രൂശിക്കാൻ നായകനൊപ്പം നമ്മളും തയ്യാറാകുന്ന നിമിഷത്തിൽ അവന്റെ ഫോൺ സംസാരിച്ചു തുടങ്ങും. അപ്പോൾ സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഓരോ ആളുകളും സ്വന്തം രഹസ്യങ്ങളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കും. ആ മണിച്ചിത്ര താഴിന്റെ ബലം ഒന്നു കൂടി പരിശോധിക്കും. എന്നിലെ ആസ്വാദകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ചിത്രം ഇപ്പോഴും വൻ ഹിറ്റ് ആയി തമിഴ് നാട്ടിൽ ഓടികൊണ്ടിരിക്കുകയാണ്.
ഉദയനിധിയുടെ ‘റെഡ് ജയന്റ്’ മൂവീസാണ് ‘ലവ് ടുഡേ’ റിലീസിനെത്തിച്ചത്. തമിഴ്‌നാട്ടിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് കിട്ടുന്ന വമ്പൻ സ്വീകാര്യതയെത്തുടർന്ന് ഇപ്പോൾ ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററുകളിൽ ആളെ നിറച്ച് പ്രദർശനം തുടരുന്ന ചിത്രം മൊഴിമാറ്റം ചെയ്തു മറ്റു ഭാഷകളിൽ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്.
Related News