‘നല്ല കഥയും അഭിനയവും ഒക്കെ ഉണ്ടെങ്കിലും ഇത്തരം ഉറക്ക ഗുളികകള്‍ക്ക് ഇനിയുള്ള കാലം ഒടിടി തന്നെ ശരണം’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നല്ല കഥയും അഭിനയവും ഒക്കെ ഉണ്ടെങ്കിലും ഇത്തരം ഉറക്ക ഗുളികകള്‍ക്ക് ഇനിയുള്ള കാലം ഒടിടി തന്നെ ശരണമെന്നാണ് സാന്‍ ജിയോ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

കൊടും സ്‌പോയ്ലര്‍ അലേര്‍ട്ട്!
സ്ട്രിക്ട്‌ലി ഒടിടി സിനിമ എന്ന തോന്നല്‍ സാക്ഷ്യപെടുത്താന്‍ ഒഴിഞ്ഞ കസേരകളുടെ നിര തന്നെയുണ്ടായിരുന്നു തീയറ്ററില്‍. ഇത്തരം കൊച്ചു കഥകള്‍ വലിച്ചു നീട്ടി സിനിമയാക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുമില്ല.
വെള്ളക്ക വെച്ച് തലയ്ക്കു ഏറു കിട്ടിയതിന്റെ ദേഷ്യത്തില്‍ അത് എറിഞ്ഞ ബാലന്റെ കരണത്ത് ഒന്ന് പൊട്ടിക്കേണ്ടി വന്ന ഹതഭാഗ്യയാണ് നായിക. ബാലപീഡന കേസുമായി അവരുടെ ബാക്കി ജീവിതം കോടതിയില്‍ തീരുന്നു. സിനിമയും തീരുന്നു.
പ്രധാന കഥാപാത്രം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോയാല്‍ അവിടെ നടക്കുന്ന ഒരു അഞ്ച് കേസെങ്കിലും ഒരു കാര്യവും ഇല്ലാതെ കാണികള്‍ കേള്‍ക്കേണ്ടി വരും എന്നത് ആക്ഷന്‍ ഹീറോ ബൈജുവിന്റെ കാലം മുതലേയുള്ള ഒരു കീഴ് വഴക്കമാണല്ലോ. അത് കഴിഞ്ഞ ദിവസം ഗോള്‍ഡിലും ശ്രദ്ധിച്ചു. എഴുതുന്നവരുടെ ഭാവന ചുരുങ്ങി ചുരുങ്ങി പോകുന്നു എന്നതാണ് അതിന്റെ അര്‍ത്ഥം. പിന്നെ അത് കൂടി ഇല്ലായിരുന്നെങ്കില്‍ സൗദി വെള്ളക്കയും ഗോള്‍ഡുമൊക്കെ അര മണിക്കൂറില്‍ തീര്‍ന്നേനെ എന്നത് വേറേ കാര്യം.
അഭിനേതാക്കള്‍ എല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു. പക്ഷേ പെയ്ഡ് പ്രൊമോയുടെ ഭാഗമാണെങ്കിലും ഈ പോസ്റ്റര്‍ പറയുന്നപോലെ നിധിയായി സൂക്ഷിക്കാനുള്ളത് എന്തെങ്കിലും ഉണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
തരുണ്‍ മൂര്‍ത്തിക്ക് തന്റെ ആദ്യ സിനിമ വിജയിച്ചതിനു കാരണം ആ സിനിമയുടെ ക്വാളിറ്റിക്കുപരി പ്രമുഖ ഗ്രൂപ്പുകളില്‍ വന്ന പോസിറ്റീവ് റിവ്യൂ ആണെന്നൊരു തെറ്റിദ്ധാരണ ഉണ്ട് എന്ന് വ്യക്തം. അത് കൊണ്ടാവണം അവരെ സുഖിപ്പിക്കാന്‍ വേണ്ടി ‘ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹി ഹൈ ‘ എന്നൊക്കെ ഒരു കാര്യവും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത സീനില്‍ അടിച്ചു വിടുന്നുണ്ട്. ബീഫ് പൊറോട്ട കോമഡിയുണ്ടായിരുന്നോ എന്ന് ഒട്ട് ഓര്‍ക്കുന്നും ഇല്ല.
പറയാനുള്ളത് വൃത്തിയായി പറയുന്നതിന് പകരം അര്‍ത്ഥശൂന്യമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റിലേക്ക് സംവിധായകന്‍ കടക്കുമ്പോള്‍ അവിടെ അവര്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥയിലേക്കുള്ള ഫോക്കസ് തന്നെയാണ് ദുര്‍ബലമാകുന്നത് എന്നതിന് മലയാളത്തില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍ വേണം. എന്തായാലും ഓണ്‍ലൈന്‍ റിവ്യൂ ആണ് ആദ്യ സിനിമ വിജയിക്കാന്‍ കാരണം എന്ന തരുണിന്റെ തോന്നല്‍ ഇപ്പോള്‍ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. കാരണം പ്രമുഖ ഗ്രൂപ്പുകളില്‍ എല്ലാം മത്സരിച്ചു പുകഴ്ത്തല്‍ മത്സരം നടന്നിട്ടും തീയറ്ററില്‍ ആള്‍ ഇല്ല എന്നത് തന്നെ. പോസിറ്റിവ് റിവ്യൂ കൊണ്ടു വയറും പോക്കറ്റും നിറയുമെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഈ സിനിമയുടെ മോശം ബോക്‌സ് ഓഫീസ് പ്രകടനം ഒരു കാര്യം വീണ്ടും ഉറപ്പിക്കും. നല്ല കഥയും അഭിനയവും ഒക്കെ ഉണ്ടെങ്കിലും ഇത്തരം ഉറക്ക ഗുളികകള്‍ക്ക് ഇനിയുള്ള കാലം ഒടിടി തന്നെ ശരണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരണ്‍ വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, വിഎഫ്എക്സ് എസെല്‍ മീഡിയ, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക് പ്ലാന്റ്.