Friday, January 27, 2023
HomeFilm News'കോമഡി അഭിനയത്തിന് ഗിരിരാജൻ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി...

‘കോമഡി അഭിനയത്തിന് ഗിരിരാജൻ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു’

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’ സമ്മിശ്ര പ്രതികരണം ആണ് നേടിയത്.
ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം നവംബര്‍ 18നാണ് പ്രദര്‍ശനത്തിനെത്തിയത്. വിന്‍സി അലോഷ്യസ് ആണ് നായികയായി എത്തിയത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സുരാജിന് വെച്ചിരുന്ന സീരിയസ് വേഷങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഷറഫുദ്ദിന്‍ മോശം നടനൊന്നുമല്ല. പക്ഷേ അദേഹത്തിന്റെ കോമഡി അഭിനയത്തിന് ഗിരിരാജന്‍ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു’ വെന്നാണ് സാന്‍ ജിയോ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സെന്ന ഹെഡ്‌ഗേക്ക് ആദ്യ സിനിമയായ ‘തിങ്കളാഴ്ച നിശ്ചയം’ വിജയമായതിനെ പറ്റി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു എന്ന് ഈ സിനിമ കണ്ടപ്പോഴാണ് വ്യക്തമായത്.
സുഹൃത്തേ, നിങ്ങളുടെ ആദ്യ സിനിമ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, ഞങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റിയ കഥയും കഥാപാത്രങ്ങളും. രണ്ട്, ഒരുപിടി അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം. എന്നാല്‍ അത് മനസ്സിലാക്കാതെ 10 വര്‍ഷം മുന്‍പ് ന്യുജന്‍ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഉപരിപ്ലവമായ വികാരങ്ങളുള്ള വെറും മട്ടാഞ്ചേരി മസാല വിളമ്പാന്‍ നോക്കിയാല്‍ അത് ജനങ്ങള്‍ പുച്ഛിച്ചു തള്ളും.
സിനിമയുടെ അവസാനം ഒരു ടീവി വാര്‍ത്തയിലൂടെ LGBQ etc യോട് അനുഭാവവും കേന്ദ്ര സര്‍ക്കാറിനോട് പ്രതിഷേധവും കാട്ടിയാല്‍ സിനിമ ഓണ്‍ലൈനില്‍ ഏറ്റെടുക്കപ്പെടും എന്ന തെറ്റിദ്ധാരണ ഇപ്പോള്‍ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. ആശിക്ക് അബുവിന് ഗാങ്സ്റ്റര്‍ പോലെയും ലിജോ പല്ലിശേരിക്ക് ഡബിള്‍ ബാരല്‍ പോലെയും ഇപ്പോഴും ഉറക്കം കിട്ടാത്ത രാത്രികള്‍ സമ്മാനിക്കുന്ന ദുസ്വപ്നമായി ഇനി മുതല്‍ കുറേ കാലം നിങ്ങളെയും ഈ സിനിമയുടെ റെസ്‌പോണ്‍സ് വേട്ടയാടും എന്നുറപ്പ്.
സുരാജിന് വെച്ചിരുന്ന സീരിയസ് വേഷങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഷറഫുദ്ദിന്‍ മോശം നടനൊന്നുമല്ല. പക്ഷേ അദേഹത്തിന്റെ കോമഡി അഭിനയത്തിന് ഗിരിരാജന്‍ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു.
സിനിമയുടെ കഥയെ പറ്റി പറഞ്ഞാല്‍ പഴയ മുകേഷ് ജഗദീഷ് കോമഡി സിനിമകളില്‍ പ്രധാന കഥയ്ക്ക് മെമ്പോടിയായി ചെയ്തിരുന്ന ആള്‍മാറ്റത്തിന്റെയും കണ്‍ഫ്യുഷന്റെയും ഒരു സീന്‍ മാത്രം എടുത്ത് വലിച്ചു നീട്ടി അടിച്ചു പരത്തി വെച്ചിരിക്കുന്നു.
ഹെഡ്ഗയുടെ ഭാവിയില്‍ ഇനി എനിക്ക് പ്രതീക്ഷ ഉണ്ട്. കാരണം പ്രേക്ഷകരെ വിലകുറച്ചു ചിന്തിക്കുന്ന അമിത ആത്മവിശ്വാസം കൊണ്ടുണ്ടായ അപകടം ശരിക്കും മനസ്സിലായ ആഷിക്ക് അബുവും LJP യും ഇന്ന് നിലത്ത് നിന്ന് സിനിമകള്‍ പിടിച്ചു ജനഹൃദയത്തില്‍ വീണ്ടും സ്ഥാനം പിടിച്ചു മാതൃക കാട്ടിയിട്ടിട്ടുള്ളത് കാണാതിരിക്കാന്‍ മാത്രം കണ്ണുപൊട്ടന്‍ ആണ് അദ്ദേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഡ്ജും ചേര്‍ന്നാണ് തിരക്കഥ. ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിര്‍വ്വഹിക്കുന്നു. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ -ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം -വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് -അവിനാഷ് ശുക്ല. വിഎഫ്എക്‌സ് നിര്‍വഹിക്കുന്നത് എഗൈ്വറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് -ആദര്‍ശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. പിആര്‍ഒ -ശബരി. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സംഗീത ജനചന്ദ്രന്‍.

Related News