‘ദൃശ്യം രണ്ടാം ഭാഗത്തേക്കാള്‍ മികച്ച തിരക്കഥയും എക്‌സിക്യൂഷനുമാണ് ഈ ചിത്രത്തിന്റേത്’

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ട്വല്‍ത്ത്മാന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സനൂജ് സുശീലന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലെ ജ്യൂ എന്ന…

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ട്വല്‍ത്ത്മാന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സനൂജ് സുശീലന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ലെ ജ്യൂ എന്ന പ്രശസ്തമായ ഫ്രഞ്ച് സിനിമയുടെ പ്രധാന പ്രമേയവുമായി നല്ല സാമ്യമുള്ള കഥയില്‍ ഒരു മര്‍ഡര്‍ മിസ്റ്ററി കൂടി ചേര്‍ത്തതാണ് ട്വല്‍ത്ത് മാന്‍ എന്ന സിനിമ. അഗത ക്രിസ്റ്റിയുടെ നോവലുകളില്‍ കണ്ടുവരുന്ന തരം ആഖ്യാനരീതിയാണ് ഈ സിനിമയില്‍ ജീത്തു ജോസഫും പിന്തുടരുന്നതെന്നാണ് സനൂജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മനോഹരമായ ഒരു ഹില്‍ സ്റ്റേഷനില്‍ തങ്ങളുടെ കൂട്ടത്തിലെ അവസാനത്തെ അവിവാഹിതന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ഒത്തു ചേരുന്ന പതിനൊന്നു സുഹൃത്തുക്കള്‍. അവിടെ നടക്കുന്ന ഒരു ദുരന്തം. അത് അന്വേഷിക്കാന്‍ വരുന്ന പന്ത്രണ്ടാമന്‍ എന്നിവരാണ് ഈ സിനിമയിലുള്ളത്.

ഒരേയൊരു ലൊക്കേഷനില്‍ രണ്ടര മണിക്കൂറില്‍ കൂടുതല്‍ നീളുന്ന കഥ ഒട്ടും ബോറടിപ്പിക്കാതെ പറയുന്നതിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. മികച്ച ഒരു ക്ലൈമാക്‌സില്‍ ലാന്‍ഡ് ചെയ്ത ശേഷവും ഇനി അതും ആരെങ്കിലും ഊഹിച്ചിരിക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രം ഒരു ട്വിസ്റ്റും കൂടി ചേര്‍ത്തിട്ടുണ്ട്. അതിന്റെ ഒരാവശ്യവുമില്ലായിരുന്നുവെന്നും സനൂജ് കുറിക്കുന്നു. ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ ലാലേട്ടന്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ ശരിക്കും കഥയിലേക്ക് വരുന്നത്. പിന്നീട് ക്ലൈമാക്‌സ് വരെ അദ്ദേഹം അത് ഭംഗിയായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. ഒരേ ക്ളാസില്‍ പഠിച്ചവരാണ് ഇതിലെ കഥാപാത്രങ്ങള്‍. എന്നാല്‍ അഭിനേതാക്കളുടെ കാര്യത്തില്‍ ഈ ആ ഒരു സാമ്യത തോന്നിക്കുന്നുമില്ല. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ലിയോണ ലിഷോയ് എന്നിവരെയാണ് ഏറ്റവും ഇഷ്ടമായത്. രാഹുല്‍ മാധവും തരക്കേടില്ല.

മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും സിനിമയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. ദൃശ്യത്തിലൊക്കെ ഉള്ളത് പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും പശ്ചാത്തല സംഗീതം ചേര്‍ത്തിട്ടുണ്ട്. എന്തായാലും ദൃശ്യം രണ്ടാം ഭാഗത്തേക്കാള്‍ മികച്ച തിരക്കഥയും എക്‌സിക്യൂഷനുമാണ് ഈ ചിത്രത്തിന്റേത് എന്നാണ് എനിക്ക് തോന്നിയത്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് പടം ഓടുന്നതെന്നും പറഞ്ഞാണ് സനൂജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.