അങ്ങനെ ആണും പെണ്ണും തുല്യരാവണ്ട എന്നതാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. സാന്റാ !!

ആരാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർമ്മാണ വിതരണ കുത്തകക്കാർ.? നൂറു വർഷങ്ങൾക്കു മുമ്പ് ചിലർക്ക് മേൽവസ്ത്രം ഉണ്ടായിരുന്നില്ല. വസ്ത്രധാരണശീലം ഒരു പാട്രിയാർക്കൽ സാമൂഹ്യ അപനിർമ്മിതി കൂടിയായിരുന്നു. അത് മേലാള കീഴാളത്തത്തിൻ്റെ നിരന്തരം ഓർമ്മപ്പെടുത്തലും നിലനിർത്തലും ആയിരുന്നു. പക് ഷേ കാലത്തിൻ്റെ തേർചക്രം തട്ടി അവയെല്ലാം തകർന്നുപോയി. ഇവിടെ മേൽവസ്ത്രം ധരിക്കാനുള്ള അവകാശമെന്നാൽ കേവല വസ്ത്രധാരണം എന്നല്ല.മറിച്ച് സവർണ്ണാടിമത്വത്തിൽ നിന്നുള്ള മോചനമെന്നാണ്. ഏതു വസ്ത്രവും ധരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യമാണ് ആധുനിക യുഗം ആവശ്യപ്പെടുന്നത്. നമ്മുടെ പാരമ്പര്യാധിഷ്ഠിത തൊഴിൽ സങ്കേതങ്ങൾ നിരന്തരവും അതിവേഗവുമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറും മൊബൈൽ ഫോണും വാഹനവും ഉപയോഗിക്കാതെ ഒരു ദിവസം പോലും നമുക്ക് ജീവിക്കാനാവില്ല. എല്ലാ തൊഴിൽ മേഖലയിലും സ്ത്രീ തൻ്റെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കരയിലും വെള്ളത്തിലും ആകാശത്തും അവർ തൊഴിലെടുക്കുന്നു. ഇവിടെയെല്ലാം ശരീരത്തിൻ്റെ പ്രാഥമിക കൃത്യങ്ങളായ മലമൂത്രവിസർജ്ജനാദികൾ നിർബ്ബാധം തുടരുന്നു.

നമ്മുടെ സ്വാഭാവിക ചലനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരമുള്ളത്. നമ്മുടെ സർക്കാർ ലിംഗ നീതിക്കുവേണ്ടി ശ്രമിക്കുമ്പോൾ ഉള്ളിൽ നിന്നു തന്നെ മതം, ആചാരം തുടങ്ങിയ ന്യായങ്ങൾ മുഴക്കി സ്ത്രീ പുരോഗമനത്തിന് തടസ്സവാദം പറയുന്നവരുടെ ഉദ്ദേശമെന്താണ്? സ്ത്രീവിരുദ്ധത ഒന്നു മാത്രമാണ്. അങ്ങനെ ആണും പെണ്ണും തുല്യരാവണ്ട എന്നതാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. സ്കൂളുകളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും ത്രീ ഫോർത്ത് ട്രൗസേർസ് യൂണിഫോം ആക്കുന്നതിനെ എതിർക്കുന്നവരുടെ പ്രശ്നമെന്താണ്? മെഡിക്കൽ കോളേജുകളിൽ മനുഷ്യ ശരീരം കീറി മുറിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികളോടുപ്പോലും മനുഷ്യശരീരം ഒളിപ്പിച്ചു പിടിക്കണം എന്ന് നിർബ്ബന്ധം പിടിക്കേണ്ട കാര്യമെന്താണ്? കോളേജധ്യാപികമാരോടു പോലും എന്തിനാണ് ഇത്രയും വസ്ത്രസദാചാരം നിർബ്ബന്ധിതമാക്കുന്നത്? എന്തിനാണിങ്ങനെ ശരീരത്തെ പ്രതി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്? അതേ സമയം സ്ത്രീയുടെ ഉന്നമനം, വിദ്യാഭ്യാസം, കരിയർ തുടങ്ങിയവ എന്തുകൊണ്ട് പുരുഷൻ്റെ പ്രശ്നമാകുന്നില്ല? എന്തുകൊണ്ടാണ് സ്ത്രീയുടെ ലൈംഗികാവയങ്ങൾ മാത്രം ആൺലോകത്തിൻ്റെ പ്രശ്നമായി തീരുന്നത്?.

സ്വാതന്ത്ര്യമെന്നാൽ ആരുടെയെങ്കിലും ഔദാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സ്ത്രീ പുരുഷൻ്റെ വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടാത്തിടത്തോളം പുരുഷനെന്തിനാണ് സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടുന്നത്.? പുരുഷൻ ഇനി മുതൽ ഇന്ന വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് സ്ത്രീ കൽപ്പിക്കുന്നില്ലല്ലോ. സ്ത്രീപുരുഷ തുല്ല്യതക്കു വേണ്ടി സർക്കാർ പരിശ്രമിക്കുമ്പോൾ സ്ത്രീകൾ തന്നെ അതിനെ എതിർക്കുന്നതെന്തുകൊണ്ടാണ്? നിലവിലെ സ്ത്രീ സങ്കൽപ്പം ഒരു പാട്രിയാർക്കൽ നിർമ്മിതി മാത്രമാണ്. പ്രകൃത്യാ അതങ്ങനെയല്ലങ്കിൽ കൂടി. വ്യവസ്ഥിതി നിലനിർത്താനുള്ള പൊതു സമ്മതി നിർമ്മിക്കലാണ് പാട്രിയാർക്കൽ സൊസൈറ്റിയുടെ ജോലി. സമൂഹത്തിൻ്റെ വിവിധ ശ്രേണിയിലുള്ള പുരുഷൻമാർ അവരോരുത്തർക്കും അനുയോജ്യമായ രീതിയിൽ സ്ത്രീകളെ നിർമ്മിച്ചെടുക്കുന്നതിനാവശ്യമായ ഒരു പൊതുബോധം സമൂഹ മനസ്സിൽ നിർമ്മിച്ചു വച്ചിട്ടുണ്ട്. അതൊരു ലക്ഷ്മണരേഖയാണ്. അത് മറികടക്കുന്നവരെ അവർ അഗ്നിയിലെറിയും. കുടുംബം, സ്ഥാപനം, രാഷ്ട്രീയം ,മതം ഇവയിലെല്ലാം ഇത്തരം സമ്മതിനിർമ്മിതികൾ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.. അതിനായ് പുരുഷൻ സാഹിത്യാദി കലകളിലൂടെ നിർമ്മിച്ചെടുത്ത ടൂളുകളാണ് കന്യകാത്വം, പാതിവ്രത്യം, ചാരിത്ര്യം, അനുസരണ, കുലമഹിമ, തറവാടിത്തം തുടങ്ങിയ പദങ്ങൾ. കാട്ടാനകളെ മെരുക്കുന്ന കുങ്കിയാനയുടേതിന് സമാനമായ സ്ഥാനമാണിവിടെ കുലസ്ത്രീകൾക്കുള്ളത്.

സദാചാരമെന്ന തോട്ടിയും ചങ്ങലയുമാണ് മുന്നോട്ടു ചലിക്കുന്ന പാദങ്ങളെ പിന്നോട്ട് വലിക്കുവാൻ ഉപയോഗിക്കുന്നത്. ഇത്തരം സമ്മതികൾക്കകത്ത് പരുവപ്പെട്ടവരാണ് തങ്ങൾക്ക് സാരിയും പർദ്ദയും കംഫർട്ടാണെന്ന് പ്രഖ്യാപിക്കുകയും, പെൺകുട്ടികൾ ട്രൗസറിട്ടാൽ മലമൂത്ര വിസർജ്ജനം എങ്ങനെ നടത്തും, ആർത്തവ തുണി എങ്ങനെ മാറ്റും എന്നും മറ്റും ആശങ്കപ്പെടുകയും ചെയ്യുന്നത്. കാലം ബഹുദൂരം മുന്നോട്ടു പോയി. ഇന്ന് മെൻസ്ട്രുൽ കപ്പുകളുടെ കാലമാണ്. പോലീസ് സേനയിലും, എയർ ഫോഴ്സിലും, നേവിയിലും, ബഹിരാകാശത്തും സ്ത്രീകൾ തൊഴിലെടുക്കുന്നു. അവർക്കെല്ലാം സാധ്യമാകുന്ന കാര്യങ്ങളെയോർത്താണ് ചിലർ വൃഥാ വേവലാതിപ്പെടുന്നത്. ചലന സ്വാതന്ത്ര്യമാണ് ഭൂമിയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം. സ്ത്രീയുടെ ബോധം അപനിർമ്മിക്കപ്പെട്ട ബോധവും പുരുഷൻ്റേത് സ്വാഭാവിക ബോധവുമാണ്. വിദ്യാഭ്യാസലക്ഷ്യം കൈവരിക്കുകയെന്നാൽ സ്വാഭിമാനിയാകുകയെന്ന അർത്ഥം കൂടിയുണ്ട്. അത് സാക്ഷാൽക്കരിക്കപ്പെടുമ്പോഴേ നാം സ്വബോധം കൈവരിക്കൂ. കുട്ടികളുടെ ചലനത്തിന് പരിധി നിശ്ചയിക്കാതിരിക്കൂ.. അവർ ഓടട്ടെ.. ചാടട്ടെ.. പറക്കട്ടെ!

Rahul Kochu