‘ഞാന്‍ ഒരു ആക്രി കച്ചവടക്കാരനായിരുന്നു’; ജീവിത കഥ പറഞ്ഞ് ‘സാന്റാക്രൂസ്’ നിര്‍മ്മാതാവ്

ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘സാന്റാക്രൂസ്’. ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി കഴിഞ്ഞു. നൂറിന്‍ ഷെരീഫ് ആണ് നായികാ വേഷത്തിലെത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ പ്രമോഷനുമായി…

ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘സാന്റാക്രൂസ്’. ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി കഴിഞ്ഞു. നൂറിന്‍ ഷെരീഫ് ആണ് നായികാ വേഷത്തിലെത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിര്‍മാതാവായ രാജു ഗോപി ചിറ്റത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താന്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും യാതനകളുടെയും കഥയാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചത്. 5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമയെന്നും രാജു ഗോപി പറയുന്നു.

28 വര്‍ഷം മുന്‍പ് അമ്മായിയമ്മ തനിക്ക് തന്ന 5000 രൂപ കൊണ്ട് ആക്രിക്കച്ചവടം തുടങ്ങിയെന്നും അമ്മായിയമ്മ അല്ല, ശരിക്കും അവര്‍ തനിക്ക് അമ്മ തന്നെയായിരുന്നെന്നും ആ അമ്മ തന്നെ 5000 രൂപ കൊണ്ട് കച്ചവടം ചെയ്താണ് ഞാന്‍ ഇവിടം വരെ എത്തിയതെന്നും സിനിമ വരെ എടുക്കാന്‍ സാധിച്ചത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

‘1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ അന്ന് സിനിമകള്‍ കാണുമ്പോള്‍ ഒരു സിനിമ പിടിക്കണമെന്ന് എനിക്കും മോഹം തോന്നി. 1974ല്‍ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണയാണ് ടിക്കറ്റ് കിട്ടിയത്. പക്ഷെ ഇന്റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങി പോയി. അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസില്‍ ഉണ്ട്’ എന്നാണ് രാജു ഗോപി പറഞ്ഞത്.

ജോണ്‍ ശരിക്കും കൂടപ്പിറപ്പിനെ പോലെത്തെന്നെയാണെന്നും തങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു കരാറും ഇല്ലെന്നും പറഞ്ഞ അദ്ദേഹം കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്താല്‍ വിജയിക്കുമോ എന്ന് തന്നോട് എല്ലാവരും ചോദിച്ചപ്പോള്‍ തനിക്ക് അത് പ്രശ്നമല്ല എന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കി.

‘ഞാനൊരു ആക്രക്കച്ചവടക്കാരനാണ്. ഞാന്‍ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. എനിക്ക് വലിയ വിദ്യാഭ്യസമൊന്നുമില്ല. മീന്‍ കച്ചവടം ചെയ്തിട്ടുണ്ട്. അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അതുകൊണ്ടാണ് കൊച്ചിയിലെ കഥ പറയുന്ന സിനിമ ചെയ്തത്’- രാജു ഗോപി പറഞ്ഞു.