‘ഞാന്‍ പെരിയാറിസ്റ്റാണ്…എനിക്ക് എങ്ങനെ മോദിയാകാന്‍ പറ്റും’!! ചിത്രം നിഷേധിച്ച് സത്യരാജ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെന്നിന്ത്യയുടെ പ്രിയ താരം സത്യരാജ് ആണ് മോദിയായി എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രമുഖ അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് സത്യരാജ്. വാര്‍ത്ത സത്യരാജ് നിഷേധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചെന്നായിരുന്നു.

എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിര്‍മിക്കും എന്ന് അന്ന് താന്‍ തിരിച്ച് ചോദിച്ചിരുന്നു. അതോടെ ആ വാര്‍ത്തയും അപ്രത്യക്ഷമായി. ഇതും അതുപോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും’ എന്നാണ് സത്യരാജ് പറഞ്ഞതായി ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019ല്‍ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ‘പിഎം നരേന്ദ്രമോദി’ എന്നും ചിത്രം ബോളിവുഡില്‍ ഇറങ്ങിയിരുന്നു. വിവേക് ഒബ്രോയിയാണ് മോദിയായി എത്തിയത്. ഒമംഗ് കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്.