മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ കണ്ടെത്തിയതല്ല, സംഭവിച്ചുപോയതാണ്: ഇരുവരും ഒരുമിക്കുന്ന സിനിമ ഉടന്‍: സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ ഉണ്ടാക്കിയെടുത്തത് അല്ലെന്നും തനിയെ ഉണ്ടായതാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇരുവരും ഒരുമിക്കുന്ന സിനിമയ്ക്കായി ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആ ഒരു കോമ്പോ കണ്ടെത്തിയതല്ല,…

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ ഉണ്ടാക്കിയെടുത്തത് അല്ലെന്നും തനിയെ ഉണ്ടായതാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇരുവരും ഒരുമിക്കുന്ന സിനിമയ്ക്കായി ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ഒരു കോമ്പോ കണ്ടെത്തിയതല്ല, സംഭവിച്ച് പോയതാണ്. ഗാന്ധിനഗര്‍ സെക്ന്റ് സ്ട്രീറ്റ് എന്ന എന്റെ ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്. വേറെ നടന് വേണ്ടിയായിരുന്നു ആ സിനിമയില്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. എന്നാല്‍ ഞാനാണ് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിച്ചത്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണ്. അത് ഞാന്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു സിനിമയായിരുന്നു നാടോടിക്കാറ്റ്, സത്യന്‍ അന്തിക്കാട് പറയുന്നു.

അങ്ങനെ ആ ഒരു കോമ്പോ സിനിമയില്‍ കയറി വന്നു. സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണ പ്രവേശം എന്നീ സിനിമകളിലൂടെയെല്ലാം ആ കോമ്പോയുടെ പരസ്പര യോജിപ്പ് സിനിമകള്‍ക്ക് ജീവന്‍ നല്‍കാറുണ്ട്. കാരണം, സ്‌ക്രിപ്റ്റിലുള്ളതിനെക്കാള്‍ അത് മികച്ചതാക്കാന്‍ പറ്റും, അവര്‍ രണ്ടുപേരാകുമ്പോള്‍. അങ്ങനെ ചേര്‍ന്നുപോയതാണ് ആ കോമ്പോ, അല്ലാതെ ബോധപൂര്‍വം ചേര്‍ത്തതല്ല,’

”മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയില്‍ ഒരു പ്രൊജക്ട് ചെയ്യാന്‍ അഞ്ചാറ് വര്‍ഷമായി ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നടക്കാതെ പോവുകയാണ്. ഇപ്പോള്‍ അടുത്ത കാലത്ത് ശ്രീനിവാസന്റെ അനാരോഗ്യവും സിനിമ നടക്കാത്തതിന് ഒരു കാരണമാണ്. ശ്രീനിവാസന്‍ കുറച്ച് ആരോഗ്യവാനായിട്ട് വേണം ആ സിനിമ എനിക്ക് ചെയ്യണമെങ്കില്‍. അതുപോലുള്ള പല കാരണങ്ങള്‍ കൊണ്ടാണ് ആ സിനിമ നടക്കാത്തത്. ഞങ്ങള്‍ ഒന്നിച്ച് പലപ്പോഴും ആ സിനിമ ആലോചിക്കുകയും പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും അങ്ങനെയൊരു ചിന്തയുണ്ട്,” സത്യന്‍ അന്തിക്കാട് പറഞ്ഞു.