‘ആദ്യമൊക്കെ നല്ലകുട്ടി ചമഞ്ഞ് നടന്നു, ഇപ്പോള്‍ അത് മാറി’; സയനോര

മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. വേറിട്ട ശബ്ദം കൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കാന്‍ സയനോരയ്ക്ക് കഴിഞ്ഞു. ഗായിക എന്നതിലുപരി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായും താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സയനോര. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ പലപ്പോഴും ധൈര്യം കാണിച്ചിട്ടുണ്ട് സയനോര. ഇപ്പോഴിതാ താരം ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും തന്റെ വസ്ത്രധാരണ രീതിയെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

‘ബോഡിഷെയ്മിങ്ങിനെ പറ്റി ആദ്യം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ പ്രശ്നമാണെന്നാണ് കരുതിയത്. ഞാന്‍ തടി കുറക്കാത്തതുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പിന്നെ ഞാന്‍ ആലോചിച്ചപ്പോള്‍ നമ്മള്‍ നമ്മുടെ ജീവിതം ജീവിക്കുക എന്നേയുള്ളൂ. നമ്മുടെ വസ്ത്രധാരണത്തെയോ അല്ലെങ്കില്‍ നമ്മുടെ ശരീരഘടനയെയോ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പലരുടെയും തെറ്റായ അറിവും അറിവില്ലായ്മയും കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്’ എന്നാണ് സയനോര പറഞ്ഞത്.

ആളുകള്‍ പറയുന്നത് മനസിലാക്കി തുടങ്ങിയതോടെയാണ് തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നും ഫുള്‍ കുര്‍ത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കലായിരുന്നു ആദ്യമെന്നും സയനോര പറയുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. സ്ലീവ്ലസും ഷോര്‍ട്സും ക്രോക്സും ഒക്കെ ഇടും. അതില്‍ എന്റെ ശരീരം തടിച്ചിട്ടാണോ കാണുന്നത് എന്നൊന്നും ആലോചിക്കാറെയില്ലെന്നും അത്തരം ചിന്തകള്‍ മുഴുവനായും പോയിട്ടില്ല. എന്നാല്‍ അത് മുഴുവനായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നുമാണ് സയനോര പറഞ്ഞത്.

ചില ആളുകള്‍ക്കിടയില്‍ ചില വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങാന്‍ ഇപ്പോഴും മടിയാണെന്നും തനിക്ക് ഒരുപാട് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതും ഇഷ്ടമല്ലെന്നും സയനോര പറഞ്ഞു. ഓരോ ആള്‍ക്കൂട്ടത്തിന്റെ ഇഷ്ടം മനസിലാക്കി അതിനനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാറുണ്ടെന്നും താന്‍ ഏറ്റവും കംഫര്‍ട്ടബിളായിരിക്കുക എന്നതാണ് വസ്ത്രം ധരിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സയനോര വ്യക്തമാക്കി. വിമര്‍ശനങ്ങളുമായി ആളുകള്‍ വന്നതോടെയാണ് ഞാനിങ്ങനെയൊക്കെ ആണെന്ന് സ്വയം തിരിച്ചറിയാന്‍ തുടങ്ങിയതെന്നും ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Aswathy