‘മലയാള സിനിമയില്‍ സിനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നടന്‍’

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടന്‍ കുഞ്ചന്റേത്. കൃഷ്ണന്‍ ഊലമ്മ ദമ്പതികളുടെ മകനായ കുഞ്ചന്റെ യഥാര്‍ത്ഥ പേരു മോഹന്‍ദാസ് എന്നാണ്. തിക്കുറുശ്ശി സുകുമാരന്‍ നായരാണു ”കുഞ്ചന്‍” എന്ന പേരിട്ടത്. ആദ്യ ചിത്രം നാഗേഷിനൊപ്പം തമിഴില്‍…

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടന്‍ കുഞ്ചന്റേത്. കൃഷ്ണന്‍ ഊലമ്മ ദമ്പതികളുടെ മകനായ കുഞ്ചന്റെ യഥാര്‍ത്ഥ പേരു മോഹന്‍ദാസ് എന്നാണ്. തിക്കുറുശ്ശി സുകുമാരന്‍ നായരാണു ”കുഞ്ചന്‍” എന്ന പേരിട്ടത്. ആദ്യ ചിത്രം നാഗേഷിനൊപ്പം തമിഴില്‍ ആയിരുന്നു. മലയാളത്തില്‍ ആദ്യം ചെയ്തത് ശശികുമാറിന്റെ റെസ്റ്റ് ഹൗസ് എന്ന സിനിമ. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തില്‍ തുടങ്ങി ഇന്നുവരെ ചെറുതും വലുതുമായി 650ല്‍ പരം സിനിമകള്‍. 2010 ല്‍ ഇറങ്ങിയ കമല്‍ഹാസന്റെ മന്‍മദന്‍ അന്‍പ് എന്ന തമിഴ് ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷം കുഞ്ചന്‍ കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ കുഞ്ചനെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ 50 വര്‍ഷങ്ങളിലിറങ്ങിയ മലയാളസിനിമകള്‍ നോക്കിയാല്‍ അതില്‍ ഓരോ വര്‍ഷവും, കുറഞ്ഞത് ഒരു ചിത്രത്തിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു നടനുണ്ടോ എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമാണ് കുഞ്ചന്‍ എന്ന അഭിനേതാവെന്ന് സേവ്യര്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഇപ്രകാരം എല്ലാ വര്‍ഷവും റിലീസ് സിനിമകളുള്ളൊരു അഭിനേതാവായി അരനൂറ്റാണ്ടുകാലം നിലയുറപ്പിക്കുക എന്നത് ചെറിയൊരു കാര്യമല്ലല്ലോ. ഇങ്ങനെയൊരു സ്റ്റാറ്റിറ്റിക്‌സ് എടുത്തു നോക്കിയാല്‍ കരിയറിന്റെ ഏതെങ്കിലും ഘട്ടത്തിലെ അരനൂറ്റാണ്ടില്‍, ഒരു വര്‍ഷം പോലും മിസ്സാവാത്ത ഒരേയൊരു അഭിനേതാവ് ഇദ്ദേഹം മാത്രമാണെന്ന് തോന്നുന്നു..

കരിയറിന്റെ തുടക്കം മുതലിന്നോളം സിനിമയില്‍ സജീവമായിരുന്ന നടന്മാരില്‍ മധുസാറിനെക്കഴിഞ്ഞാല്‍ മലയാള സിനിമയില്‍ സിനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നടനും ഒരുപക്ഷേ ഇദ്ദേഹമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അഞ്ചര പതിറ്റാണ്ടു കാലം പിന്നിട്ട അഭിനയജീവിതത്തില്‍ ഒരു കൊമേഡിയനെന്നതിലുപരി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഈ നടനെ തേടിയെത്താന്‍ തുടങ്ങിയത് കരിയറിന്റെ രണ്ടാംപകുതിയില്‍ത്തന്നെയാണ്.. അത്തരം കഥാപാത്രങ്ങളോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ കുഞ്ചന്‍ എന്ന അഭിനേതാവിന് കഴിഞ്ഞിട്ടുമുണ്ട്.. അതിന് ഏറ്റവും ഒടുവില്‍ കണ്ട ഉദാഹരണമാണ് ‘പുഴു’ വിലെ പോള്‍ വര്‍ഗ്ഗീസെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.