Tuesday, December 6, 2022
HomeFilm News'ദിലീപ് ആ കേസില്‍ നിന്ന് എന്തായാലും ഊരിപ്പോരും, ആ സ്ഥിതിക്ക് അയാളെ കുടുക്കണം എന്ന മട്ടിലാണ്...

‘ദിലീപ് ആ കേസില്‍ നിന്ന് എന്തായാലും ഊരിപ്പോരും, ആ സ്ഥിതിക്ക് അയാളെ കുടുക്കണം എന്ന മട്ടിലാണ് കാര്യങ്ങള്‍’ സെബിന്‍ ജേക്കബ്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനെ വിലക്കിയ കോടതി നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് രാഷ്ട്രീയനിരീക്ഷനും മാധ്യമപ്രവര്‍ത്തകനുമായ സെബിന്‍ ജേക്കബിന്റെ കുറിപ്പ്. ‘ദിലീപ് ആ കേസില്‍ നിന്ന് എന്തായാലും ഊരിപ്പോരും, ആ സ്ഥിതിക്ക് അയാളെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലെങ്കിലും കുടുക്കണം എന്ന മട്ടിലാണ് കാര്യങ്ങള്‍ എന്നു തോന്നായ്കയില്ല.’ സെബിന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
കുറിപ്പ് വായിക്കാം
എനിക്ക് ദിലീപിനെ പണ്ടേ ഇഷ്ടമല്ല. തരംതാണ തമാശകളും ബോഡി ഷെയ്മിങ്ങും മറ്റുമുള്ള ദിലീപ് സിനിമകൾ കണ്ടു പൂർത്തിയാക്കുക എന്നെ സംബന്ധിച്ചു പ്രയാസകരമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ചിലപ്പോളിരുന്നു കാണേണ്ടിവരും എന്നുമാത്രം. അതായത് അടിസ്ഥാനപരമായി ദിലീപിനോടും അയാളുടെ അഭിരുചികളോടും എനിക്ക് എതിർപ്പുണ്ട്.
പല പല കാരണങ്ങളാൽ അയാളാവും ആ ഹീനകൃത്യം ആസൂത്രണം ചെയ്തതെന്ന സംശയവും എനിക്കുണ്ട്. അതുകൊണ്ടുതന്നെ ദിലീപിനെ മനസ്സുകൊണ്ടു ബഹിഷ്കരിച്ചിരിക്കയാണ് ഞാൻ.
എന്നാൽ അത് സംശയാതീതമായി തെളിയേണ്ടതുണ്ട്. അതുവരെ അയാൾക്കെതിരെ അങ്ങനെ ഒരു പരസ്യനിലപാടു പാടില്ല എന്നാണ് എന്റെ ബുദ്ധി പറയുന്നത്. അത് ദിലീപിനോടു കാട്ടുന്ന കരുണയല്ല. പകരം കുറ്റാരോപിതരായ ഓരോരുത്തരോടും ഉള്ള സമീപനമാണ്. കുറ്റം തെളിയിക്കപ്പെടുംവരെ അവരെ അതിന്റെ പേരിൽ പരസ്യവിചാരണ ചെയ്യുന്നതിൽ അർത്ഥമില്ല. My personal bias should be subservient to social conscience.
ഉദാഹരണത്തിന് സഞ്ജിത്ത് വധം ആസൂത്രണം ചെയ്തത് കൊല്ലപ്പെട്ട സുബൈർ ആണെന്ന് പ്രതികൾ ആരോപിക്കുന്നു. ശരിയാവാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിൽ എന്തു തെളിവാണ് എന്റെ പക്കലുള്ളത്? ഒന്നുമില്ല. അതുകൊണ്ടുതന്നെ സുബൈറിനെ കൊലയാളിയായി കാണാൻ എനിക്കാവില്ല. അതൊരു ഗ്രേ ഏരിയ ആണ് എന്നു വേണമെങ്കിൽ പറയാം.
അപ്പോൾ നമ്മുടെ ഗട്ട് ഫീലിങ്? ആ ഗട്ട് ഫീലിങ് ഉള്ളതുകൊണ്ടാണല്ലോ, അയാളുടെ സിനിമ ഇനിയങ്ങോട്ട് കാണില്ല എന്നു നിശ്ചയിച്ചത്. അതേ സമയം അയാളെ ബഹിഷ്കരിക്കൂ എന്നു പൊതുജനത്തോട് ആഹ്വാനംചെയ്യണമെങ്കിൽ, അഥവാ അതൊരു മൂവ്മെന്റാക്കി മറ്റുള്ളവരെ അതിലേക്കു പ്രേരിപ്പിക്കണമെങ്കിൽ അതിന് കുറ്റം തെളിയിക്കപ്പെടണം.
കുറ്റം എങ്ങനെയാണ് തെളിയിക്കപ്പെടുക? അതിനു നിയതമായ മാർഗ്ഗങ്ങളുണ്ട്. തീർച്ചയായും ആ മാർഗ്ഗങ്ങൾ പൊലീസ് തേടണം. അവ കോടതിയിൽ അംഗീകരിക്കപ്പെടണം. നിയമത്തിന്റെ സ്ക്രൂട്ടിനിക്ക് വിധേയമായാലും നിലനിൽക്കുന്ന തെളിവുകളാവണം. അവ കിട്ടിയില്ലെങ്കിലോ?
പകരം തെളിവ് ഉത്പാദിപ്പിക്കുകയല്ല വേണ്ടത്.
ദിലീപ് ആ കേസിൽ നിന്ന് എന്തായാലും ഊരിപ്പോരും, ആ സ്ഥിതിക്ക് അയാളെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലെങ്കിലും കുടുക്കണം എന്ന മട്ടിലാണ് കാര്യങ്ങൾ എന്നു തോന്നായ്കയില്ല.
അമേരിക്കൻ ക്രിമിനൽ സിസ്റ്റത്തിലെ ഡബിൾ ജിയോപാർഡി എന്ന സങ്കല്പമുണ്ട്. ഒരിക്കൽ വിചാരണ ചെയ്ത് വെറുതെവിട്ടയാളെ അതിപ്പോൾ പ്രോസിക്യൂട്ടറുടെയോ ജഡ്ജിന്റെയോ മിസ്കണ്ടക്റ്റ് കൊണ്ടായാൽ പോലും അതേ കേസിൽ വീണ്ടും വിചാരണ ചെയ്യാൻ പാടില്ല എന്നതാണത്. ഇന്ത്യയിൽ അങ്ങനെയില്ല എന്നും പുതിയ തെളിവുകളുണ്ടെങ്കിൽ റീഓപ്പൺ ചെയ്യാം എന്നുമാണ് എന്റെ മനസ്സിലാക്കൽ. (ഞാൻ ഇതാരോടും ചോദിച്ചു മനസ്സിലാക്കിയ കാര്യമല്ല, തെറ്റാണെങ്കിൽ തിരുത്താം).
പക്ഷെ പുതിയ തെളിവുകൾ ഉണ്ടാക്കുന്നത് ഒരു അഭിഭാഷകനും അയാളുടെ ക്ലയന്റും തമ്മിലുള്ള പ്രിവിലേജ്ഡ് ആയ സംഭാഷണങ്ങൾ രഹസ്യമായി ടേപ്പ് ചെയ്തുകൊണ്ടല്ല. ഇത് ദിലീപിനെ മാത്രം ബാധിക്കുന്ന കാര്യമല്ലാത്തതുകൊണ്ടാണ് ഉറക്കെ പറയുന്നത്. ദിലീപിന്റെ അഭിഭാഷകർ ഒരുപക്ഷെ സിസ്റ്റത്തെ റിഗ് ചെയ്യുകയാവാം. എന്നാൽ സിസ്റ്റത്തെ വ്യഭിചരിച്ചുകൊണ്ടല്ല, പൊലീസ് അതു തുറന്നുകാട്ടേണ്ടത്.
പ്രതിഭാഗം സാക്ഷിയും പ്രതിഭാഗം അഭിഭാഷകനും തമ്മിലുള്ള സംസാരം രഹസ്യമായി ടേപ്പ് ചെയ്യുന്നത് കോടതിയിൽ തെളിവായി സ്വീകരിച്ചാൽ അത് നേരത്തെ പറഞ്ഞ അമേരിക്കൻ നിയമ സംവിധാനത്തിലായിരുന്നു എങ്കിൽ ഫ്രൂട്ട് ഓഫ് എ പോയിസണസ് ട്രീ എന്നുപറഞ്ഞ് തെളിവുകളുടെ പട്ടികയിൽ നിന്നു തന്നെ നീക്കം ചെയ്തേനെ. എന്ത് അധികാരത്തിന്റെ പുറത്താണ് പൊലീസ് ഇങ്ങനെ സ്വകാര്യവ്യക്തികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നത്? ഇങ്ങനെ പോയാൽ അഭിഭാഷകർക്ക് അവരുടെ ജോലി ചെയ്യാനാവുമോ? അഭിഭാഷകരെ വിടൂ, നാളെ രാഷ്ട്രീയക്കാർക്ക് ഫോണിലൂടെ എന്തെങ്കിലും സംസാരിക്കാനാവുമോ?
നീതിന്യായവ്യവസ്ഥ ദിലീപിനോട്, അയാളുടെ പണത്തോട് പക്ഷപാതം കാട്ടുന്നു എന്ന തോന്നൽ എനിക്കുണ്ട്. എന്നാൽ മറുഭാഗത്ത് പൊലീസ് അയാളോട് പരിധിയിൽ കവിഞ്ഞ ശത്രുതാ മനോഭാവം കാട്ടുന്നു എന്നും തോന്നുന്നു. ഭരണകൂടത്തിന്റെ വേട്ടയാടലുകളിൽ നിന്ന് നിയമപോരാട്ടത്തിലൂടെ രക്ഷപെട്ട രക്തസാക്ഷി എന്ന പരിവേഷത്തിൽ നാളെ ദിലീപിനെ കാണേണ്ടിവരുമോ എന്നോർത്ത് ചെറുതല്ലാത്ത അസഹിഷ്ണുത എനിക്ക് ഇപ്പോഴേയുണ്ട്. അയാൾ ആ നടിയോട് ആ കൃത്യം ചെയ്യാൻ ഏർപ്പാടാക്കിയിട്ടുണ്ടെങ്കിൽ അയാൾ അനുഭവിക്കുകതന്നെ വേണം. എന്നാൽ അയാൾക്ക് പ്രതിനായക കുപ്പായവും പോകെപ്പോകെ നായകസ്ഥാനവും ലഭിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പറഞ്ഞുവന്നത്, ദിലീപ് അല്ല ലാർജർ ഇഷ്യൂ. അത് വ്യക്തിസ്വാതന്ത്ര്യമാണ്. ഓരോ ചുവടും നമ്മുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാനാണ് – അതിനൊരു കീഴ്‌വഴക്കമൊരുക്കാനാണ് – പൊലീസ് ശ്രമിക്കുന്നത്. ദിലീപിനോടുള്ള സമീപനത്തെ പ്രതി അതിനെ നാം കാണാതെ പോകരുത്.
EDIT:
സാക്ഷിയുടെയും അഭിഭാഷകന്റെയും ഫോൺ കോടതി ഉത്തരവു കൂടാതെ ടാപ്പ് ചെയ്യാനും അതു തെളിവാക്കാനും പൊലീസ് ഒരു പ്രീസിഡൻസ് ഉണ്ടാക്കുന്നു എന്ന വിചാരത്തിൽ നിന്നാണ് ഈ പോസ്റ്റ് എഴുതിയതു തന്നെ. അത് പൂർണ്ണമായ ചിത്രം എന്റെ മുമ്പിൽ ഇല്ലാതിരുന്നതുകൊണ്ടു സംഭവിച്ച വസ്തുതാപരമായ പിശകാണ്. ദിലീപിന്റെയും കൂട്ടാളികളുടെയും ഫോൺ പരിശോധിച്ചതിൽ നിന്നു ലഭിച്ച റെക്കോഡിങ് ആണ് ഇവയെന്ന വിവരം ഇന്നലെ കേട്ട വാർത്തകളിൽ നിന്നു മനസ്സിലാക്കാൻ എനിക്കായില്ല. കാരണം അക്കാര്യം പതുക്കിവച്ചായിരുന്നു, ചാനലുകളിൽ വാർത്ത അവതരിപ്പിച്ചിരുന്നത്. പോസ്റ്റിന് ആധാരമായ പ്രിമൈസ് തെറ്റാണ് എന്നതിനാൽ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്രസക്തമാകുന്നു. ഇത്രയും പേർ എൻഗേജ് ചെയ്ത പോസ്റ്റായതിനാൽ ഇത് ഡിലീറ്റ് ചെയ്യുന്നില്ല.
Related News