ക്ലാസ് റൂമില്‍ നിന്ന് ‘ആകാശമായവളേ…’പാടി ലോകം കീഴടക്കി മിലന്‍! ഹൃദയം നിറഞ്ഞ് അഭിനന്ദിച്ച് ഷഹബാസ് അമനും

ക്ലാസ് റൂമില്‍ നിന്നുകൊണ്ട് ആകാശമായവളേ…എന്ന പാട്ട് പാടുന്ന വിദ്യാര്‍ഥിയാണ് സോഷ്യല്‍ ലോകത്ത് താരമാകുന്നത്. കൊടകര, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മിലന്‍ ആണ് ഒറ്റപ്പാട്ടിലൂടെ സോഷ്യല്‍ലോകം കീഴടക്കിയിരിക്കുന്നത്. ഇപ്പോഴിതാ മിലന് അഭിനന്ദനവുമായി ഷഹബാസ് അമന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ജി. പ്രജേഷ് സെന്നിന്റെ ‘വെള്ള’ത്തിനായി നിധീഷ് നടേരി എഴുതി ഷഹബാസ് അമന്‍ പാടിയ ‘ആകാശമായവളെ’ എന്ന പാട്ടാണ് മിലന്റെ ശബ്ദത്തിലൂടെ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ക്ലാസ് മുറിയില്‍, സഹപാഠികളുടെ മുന്നില്‍ നിന്നാണ് മിലന്‍ ഹൃദ്യമായി പാടുന്നത്.

മിലന്റെ അധ്യാപകനായ പ്രവീണ്‍ എം കുമാര്‍ ആണ് ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിലന്‍. പ്രവീണ്‍ പങ്കുവച്ച വിഡിയോയ്ക്ക് കമന്റ് ചെയ്താണ്
ഷഹബാസിന്റെ അഭിനന്ദനം.

‘ഇന്ന് ക്ലാസ്സില്‍ ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികില്‍ വന്ന് നിന്ന് ‘ ആകാശമായവളെ’! പാട്ട് പാടിയ മിലന്‍ എന്ന എന്റെ ഈ വിദ്യാര്‍ത്ഥി. ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നല്‍കി.’ എന്നു പറഞ്ഞാണ്
പ്രവീണ്‍ വിഡിയോ പങ്കുവെച്ചിട്ടുള്ളത്.

‘നന്ദി പ്രവീണ്‍ ജി. മിലന്‍, എത്ര ഹൃദ്യമായാണ് ‘ആകാശമായവളേ..’ പാടുന്നത് ഉള്ളില്‍ തട്ടുന്നു…! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാര്‍ മിലനെ കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്..വളരെ, വളരേ സന്തോഷം തോന്നുന്നു… ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ! ഹൃദയം നിറഞ്ഞ് കവിയുന്നു..

കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സില്‍ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓര്‍മ്മ അതില്‍ നനഞ്ഞ് കുതിരുന്നു…
നന്ദി മിലന്‍..നിറയേ നിറയേ സ്‌നേഹം..’. മിലനെ അഭിനന്ദിച്ച് ഷഹബാസ് ഇങ്ങനെ കുറിച്ചു. മിലന് അഭിനന്ദനവുമായി പാട്ടിന് സംഗീതം നല്‍കിയ ബിജിപാലും എത്തിയിരുന്നു.

Anu B