റോക്കട്രി ജൂലായ് ഒന്നിന് എത്തും! നീണ്ട 1288 ദിവസങ്ങള്‍ക്ക് ശേഷം കിങ് ഖാന്‍ റിട്ടേണ്‍സ്!!! പ്രതീക്ഷയോടെ ആരാധകലോകം

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ സജീവമാകാന്‍ ഒരുങ്ങി ഷാരൂഖ് ഖാന്‍. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രിയിലൂടെയാണ് കിങ് ഖാന്റെ തിരിച്ചുവരവ്. റോക്കട്രി ഹിന്ദി, കന്നഡ,തമിഴ് പതിപ്പിലിറങ്ങുന്നുണ്ട്. നടന്‍ സൂര്യയാണ് തമിഴ്, തെലുങ്ക് പതിപ്പില്‍ ഷാരൂഖിന്റെ റോളില്‍ എത്തുക.

കൃത്യമായി പറഞ്ഞാല്‍ നീണ്ട 1288 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത സീറോ എന്ന സിനിമയാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിമ്രാനും മാധവനും ഒന്നിക്കുന്നത്.

വിഖ്യാത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് റോക്കട്രി. ആര്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുക. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് ചിത്രം എത്തുന്നത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവ ബഹുലമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറില്‍ അധികം രാജ്യങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും കോവിഡിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് – ബിജിത്ത് ബാല, സംഗീതം – സാം സി.എസ്, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.

Anu B