‘9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്റെ ഒരു മലയാള ചിത്രം നാളെ റിലീസ് ചെയ്യുന്നു’ ഷാജി കൈലാസ്

ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രം ‘കടുവ’ നാളെ തിയറ്ററുകളില്‍ എത്തുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിയമ തടസ്സങ്ങള്‍ മാറിയതിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വെര്‍ഷനാണ് നാളെ തിയറ്ററുകളില്‍ എത്തുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് വെര്‍ഷനുകള്‍ ജൂലൈ എട്ടിന് തിയറ്ററുകളില്‍ എത്തും.

ഇപ്പോഴിതാ ഷാജി കൈലാസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, എന്റെ ഒരു മലയാള ചിത്രം നാളെ റിലീസ് ചെയ്യുന്നു. കടുവ. കൂടെ ഉണ്ടാവണം..നിങ്ങളുടെ സ്വന്തം ഷാജി കൈലാസ്’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.

ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

കടുവ എന്ന സിനിമ, പരാതിക്കാരനായ കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രീകരണമാണെന്നു പറയാന്‍ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും സിനിമയില്‍ ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

Gargi