‘എനിക്ക് ഒരു കാര്യം മാത്രം പറയാനാകും, ഇത് സംഭവിക്കില്ല’ മകന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശക്തി കപൂര്‍

സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവും നടനുമായ ശക്തി കപൂര്‍. സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. താന്‍ മുംബൈയിലായിരുന്നുവെന്നും…

സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവും നടനുമായ ശക്തി കപൂര്‍. സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. താന്‍ മുംബൈയിലായിരുന്നുവെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ശക്തി കപൂര്‍ പറഞ്ഞു.

വാര്‍ത്താ ചാനലുകളില്‍ നിന്നാണ് സംഭവം അറിഞ്ഞത്. സിദ്ധാന്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടിയില്‍ ഡി.ജെ ആയി പ്രവര്‍ത്തിക്കാനാണ് സിദ്ധാന്ത് ബംഗളൂരുവില്‍ പോയത്. അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളൊക്കെ എവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത 35 അതിഥികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

ഇതില്‍ സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിദ്ധാന്ത് കപൂറടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

1997 ല്‍ സല്‍മാന്‍ ഖാന്റെ ജുഡ് വാ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാന്ത് സിനിമയിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2013ല്‍ ഷൂട്ടൗട്ട് അറ്റ് വഡല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. അഗ്ലി, ജസ്ബ ആന്‍ഡ് ഭൂത്, ഹസീന പാര്‍ക്കര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. നടി ശ്രദ്ധ കപൂര്‍ സഹോദരിയാണ്.