ഹൃദയം കൊണ്ട് സമ്പന്നനാണ് അച്ഛന്‍!!! സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അച്ഛന്റെ ജോലി കുറച്ചിലായി പോയി-നിറകണ്ണുകളോടെ ശാലിനി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായയാളാണ് ശാലിനി നായര്‍. അവതാരകയായ ശാലിനി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ പ്രേക്ഷകര്‍ അറിയുന്നത്. നാട്ടിന്‍ പുറത്തുകാരിയായെത്തിയ ശാലിനിയ്ക്ക് പെട്ടെന്നാണ് ജനപ്രീതി സ്വന്തമാക്കാന്‍ ആയി. പക്ഷേ ഷോയുടെ തുടക്കത്തില്‍ തന്നെ ശാലിനിയ്ക്ക് പുറത്തുപോവേണ്ടി വന്നു.

ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ശാലിനി എത്താറുണ്ട്. ബിഗ്‌ബോസിലെ സുഹൃത്തുക്കളുമായുള്ള വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ശാലിനിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ശലിനി അച്ഛനെ കുറിച്ചുള്ള വികാരഭരിതമായ കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിച്ച് തന്നെ ഈ അവസ്ഥയിലേക്ക് മാറ്റിയെടുത്തത് അച്ഛനാണെന്ന് ശാലിനി പറയുന്നു. അച്ഛന്റെ ജോലി തന്റെ പണക്കാരായ സുഹുത്തുക്കള്‍ക്ക് കുറച്ചിലായി തോന്നിയതിനെ കുറിച്ചും ശാലിനി പറയുന്നു.

‘ഓഎല്‍എക്സില്‍ ഇടാന്‍ പാകത്തിന് കേടുപാടുകള്‍ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേര്‍ത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടര്‍, അച്ഛന്‍! എന്നു പറഞ്ഞാണ് ശാലിനിയുടെ കുറിപ്പ് തുടങ്ങുന്നത്.

വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ എന്ത് വിശേഷം ഉണ്ടായാലും സംഭാവന പിരിക്കാനും അനൗണ്‍സ്‌മെന്റിനും ജീപ്പിന്റെ മുന്‍ സീറ്റില്‍ മൈക്ക് എടുത്ത് ഇരിക്കണ അച്ഛനെ കാണുന്നത് അഭിമാനമായിരുന്നു. ഒരിക്കല്‍ കൊച്ചിയില്‍ ഒരു പുതുവര്‍ഷ പ്രോഗ്രാമിന് സംസാരിച്ചു കൊണ്ടിരിക്കെ ഒരു സാഹചര്യത്തില്‍ അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു.

‘അന്ന് അച്ഛന്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അച്ഛന്റെ ജോലി കുറച്ചിലായി പോയി!’എന്നാണ് ശാലിനി പറയുന്നത്.

‘വെക്കേഷന് വീട്ടില്‍ ചെല്ലുമ്പോാള്‍ ഡാഡി പോക്കറ്റ് മണി തന്നയക്കാറുണ്ട് എന്ന് പറയാനുള്ള സാഹചര്യം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. ഗംഗേട്ടന്റെ മകളാണ് എന്ന് ഇന്ന് പലരും എന്നിലേക്ക് അച്ഛനെ നിര്‍ത്തികൊണ്ട് കൈ ചൂണ്ടുമ്പോള്‍ ആ പഴയ സുഹൃത്തിനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ അച്ഛന്‍ സമ്പന്നനാണ് ഹൃദയം കൊണ്ട്!’ ശാലിനി കുറിച്ചു.