‘കുറേ കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ, അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിക്കും’; അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി

ബിഗ്ഗ് ബോസിലൂടെയാണ് ശാലിനി നായരെ പ്രേക്ഷകര്‍ അറിയുന്നത്. തന്നെ കുറിച്ച് പലര്‍ക്കും അറിയാത്ത കാര്യങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ ശാലിനി ഈ ഷോയിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ജീവിതത്തെകുറിച്ചും, തന്റെ കഷ്ടപ്പാടുകളെ കുറിച്ചും കേട്ട ചീത്തപ്പേരുകളെ കുറിച്ചും…

ബിഗ്ഗ് ബോസിലൂടെയാണ് ശാലിനി നായരെ പ്രേക്ഷകര്‍ അറിയുന്നത്. തന്നെ കുറിച്ച് പലര്‍ക്കും അറിയാത്ത കാര്യങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ ശാലിനി ഈ ഷോയിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ജീവിതത്തെകുറിച്ചും, തന്റെ കഷ്ടപ്പാടുകളെ കുറിച്ചും കേട്ട ചീത്തപ്പേരുകളെ കുറിച്ചും എല്ലാം പല അഭിമുഖങ്ങളിലും ശാലിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ശാലിനി ആദ്യമായി അനിയത്തിയുടെ മരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ശാലിനിയുടെ ഈ വെളിപ്പെടുത്തല്‍.

‘അനിയത്തി മരിച്ചത് കുഞ്ഞ് ആയിരുന്ന സമയത്ത് ആണ്. അന്നും വീട്ടില്‍ ദാരിദ്രവും കഷ്ടപ്പാടും തന്നെയായിരുന്നു. വീട്ടില്‍ മണ്ണെണ്ണ വിളക്കാണ് ഉണ്ടായിരുന്നത്. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റ് നിന്ന് തുടങ്ങുകയായിരുന്ന അനിയത്തി തിണ്ണയില്‍ വച്ച മണ്ണെണ്ണ വിളക്കില്‍ പിടിച്ചു, മണ്ണെണ്ണ വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. വാതില്‍ അടച്ച് വരുമ്പോള്‍ അമ്മ കാണുന്നത് അനിയത്തി കത്തുന്നത് ആണ്, വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു, അവള്‍ ആളി കത്തി. അങ്ങനെ ഒരാള്‍ കത്തുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുക അല്ലാതെ വെള്ളം ഒഴിക്കരുത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. രണ്ട് ദിവസം ഐസിയുവില്‍ കിടന്ന് അവള്‍ പോയി’ എന്നായിരുന്നു ശാലിനിയുടെ വാക്കുകള്‍.കുറേ കാലം അമ്മ അനിയത്തി മരിച്ച ഷോക്കില്‍ ആയിരുന്നു ജീവിച്ചതെന്നും അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിയ്ക്കുമായിരുന്നുവെന്നും ശാലിനി പറയുന്നു. അനിയന്‍ ജനിച്ചതോടെയാണ് ഇതിന് മാറ്റം വന്നത്. അവന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണെന്നും ശാലിനി പറയുന്നു.

വിവാഹ മോചനം നേടാനുണ്ടായ കാരണത്തെ കുറിച്ചും ശാലിനി പറഞ്ഞു. എന്നാല്‍ തന്റെ ജീവിതത്തെക്കുറിച്ച് അധികമൊന്നും തുറന്ന് പറയാന്‍ ശാലിനി തയ്യാറായില്ല. തന്റെ പക്വതയില്ലായ്മ തന്നെയായിരുന്നു കാരണം എന്നാണ് വിവാഹ മോചനത്തെക്കുറിച്ച് ശാലിനി പറഞ്ഞത്. പക്ഷെ ഒരിക്കലും ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയിട്ടില്ല എന്നും ശാലിനി വ്യക്തമാക്കി. ‘എന്നെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനോ, അദ്ദേഹത്തെ മനസ്സിലാക്കാന്‍ എനിക്കോ സാധിച്ചില്ല’ എന്നായിരുന്നു ശാലിനിയുടെ വാക്കുകള്‍.വിവാഹ മോചനത്തിന്റെ ഒരു കാരണം വീട്ടിലെ സാമ്പത്തിക സ്ഥിതി തന്നെയായിരുന്നു എന്നും ശാലിനി പറഞ്ഞു. വീട്ടിലെ ആവശ്യത്തിന് എന്റെ സ്വര്‍ണം പണയം വച്ചത് എടുത്ത് കൊടുക്കാന്‍ സാധിച്ചില്ല. അത് അവരെ പറ്റിച്ചത് പോലെ അവര്‍ക്ക് തോന്നിയിരുന്നിരിക്കാം. അതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്നും ശാലിനി വ്യക്തമാക്കി.