അച്ഛനെ മകനിലൂടെ വീണ്ടും കാണാന്‍ കഴിഞ്ഞു! അഭിമാനമെന്ന് ഷമ്മി തിലകന്‍

ഓണച്ചിത്രമായി തിയറ്ററുകളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ് ബേസില്‍ ജോസഫിന്റെ ‘പാല്‍ത്തു ജാന്‍വര്‍’. വളര്‍ത്തുമൃഗങ്ങളുടെ കഥയുമായി ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഷമ്മി തിലകന്‍ എത്തിയത്. മൃഗ ഡോക്ടര്‍ സുനില്‍ ഐസക്കായാണ് ചിത്രത്തില്‍ ഷമ്മി…

ഓണച്ചിത്രമായി തിയറ്ററുകളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ് ബേസില്‍ ജോസഫിന്റെ
‘പാല്‍ത്തു ജാന്‍വര്‍’. വളര്‍ത്തുമൃഗങ്ങളുടെ കഥയുമായി ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഷമ്മി തിലകന്‍ എത്തിയത്. മൃഗ ഡോക്ടര്‍ സുനില്‍ ഐസക്കായാണ് ചിത്രത്തില്‍ ഷമ്മി തിളങ്ങുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ശരീരഭാഷയിലുമാണ് സുനില്‍ ഐസക്കുള്ളത്.

പതിവിലെ സീരിയസ് ലുക്ക് വിട്ട് തീര്‍ത്തും കോമഡി കഥാപാത്രമായാണ് ഇത്തവണ എത്തിയത്. ഷമ്മിയുടെ മൊട്ടയടിച്ച ലുക്കും ഭാവാഭിനയവും അച്ഛന്‍ തിലകനെ ഓര്‍മിപ്പിക്കുന്നെന്ന് ആരാധകര്‍ പറയുന്നു.

മലയാള സിനിമയിലെ വമ്പന്മാരോടു പോലും കലഹിച്ച് പൊരുതി നിന്ന അഭിനയ കുലപതിയായ അച്ഛനെ മകനിലൂടെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

പാല്‍ത്തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ ഡോക്ടര്‍ സുനില്‍ ഐസക്കിനെ കുറിച്ച് ഷമ്മി തിലകന്‍ തുറന്നുപറയുകയാണ്. ഒരു മൃഗ ഡോക്ടറാണ് സുനില്‍ ഐസക്ക്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രമാണ്.

തല മൊട്ടയടിച്ച ലുക്കിലാണ് ഉള്ളത്. അത് അച്ഛന്‍ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തില്‍ ചെയ്ത വേഷത്തിനോാട് സാമ്യമുണ്ട് എന്ന് പലരും പറയുന്നുണ്ട്. അപ്പോഴാണ് വീണ്ടും അതു ശ്രദ്ധിച്ചത്. അച്ഛന്റെ ലുക്ക് കൊണ്ടുവരാന്‍ മനഃപൂര്‍വം ശ്രമിച്ചിട്ടില്ല. അച്ഛനെപ്പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യമാണെന്നും ഷമ്മി പറയുന്നു.

പടവെട്ട് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് പാല്‍ത്തു ജാന്‍വറിലേക്ക് എത്തുന്നത്. അതില്‍ ലുക്ക് മുടി പറ്റെ വെട്ടിയിട്ടുള്ളതാണ്. വീണ്ടും അതേ ലുക്കില്‍ സിനിമയില്‍ അഭിനയിച്ചാല്‍ രണ്ടും തമ്മില്‍ സാമ്യം തോന്നും, അങ്ങനെയാണ് ഈ മുടി മുഴുവന്‍ കളഞ്ഞിട്ട് മൊട്ട ആയിട്ട് അഭിനയിക്കാം എന്ന് ഞാന്‍ തന്നെ പറഞ്ഞത്.

‘പാല്‍ത്തു ജാന്‍വറില്‍’ ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.