ഷമ്മി തിലകന് എതിരെ അമ്മയില്‍ നടപടി? വിശദീകരണം തേടുമെന്ന് സംഘടന!!

കൊവിഡ് പ്രതിസന്ധികാരണം കുറേനാളായി മുടങ്ങി കിടന്ന താരസംഘടനയുടെ മീറ്റിംഗ് ഈ അടുത്താണ് വീണ്ടും സംഘടിപ്പിച്ചത്. അമ്മയിലെ പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് വേണ്ടിക്കൂടിയായിരുന്നു താരങ്ങളെല്ലാം ഒത്തുചേര്‍ന്നത്. ഈ വാര്‍ത്തകളും അന്നത്തെ താരങ്ങളുടെ ഫോട്ടോകളും…

കൊവിഡ് പ്രതിസന്ധികാരണം കുറേനാളായി മുടങ്ങി കിടന്ന താരസംഘടനയുടെ മീറ്റിംഗ് ഈ അടുത്താണ് വീണ്ടും സംഘടിപ്പിച്ചത്. അമ്മയിലെ പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന് വേണ്ടിക്കൂടിയായിരുന്നു താരങ്ങളെല്ലാം ഒത്തുചേര്‍ന്നത്. ഈ വാര്‍ത്തകളും അന്നത്തെ താരങ്ങളുടെ ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. കൂടാതെ ചില വിവാദ വിഷയങ്ങളും ഇതോട് അനുബന്ധിച്ച് നടന്നിരുന്നു. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ഷമ്മി തിലകന്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാരോപിച്ച് വലിയ വിവാദങ്ങളാണ് ഉണ്ടായത്.

എന്നാല്‍ എല്ലാരും കാണ്‍കെയാണ് വീഡിയോ എടുത്തത് എന്നും അതൊരു തെറ്റായി തോന്നുന്നില്ല എന്നുമായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം, മാത്രമല്ല ഈ വിഷയത്തെ കുറിച്ച് അമ്മ തന്നോട് വിശദീകരണങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്നാണ് താരസംഘടനയായ അമ്മ അറിയിച്ചിരിക്കുന്നത്.

shammi-thilakan.1

ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു അറിയിച്ചിരിക്കുകയാണ്. അതേസമയം, സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാലും പ്രതികരിച്ചു. കഴിഞ്ഞ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആയിരുന്നു നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. അതേസമയം മമ്മൂട്ടിയടക്കമുള്ള ചില താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന് അഭ്യര്‍ഥന നടത്തിയിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അന്ന് ഷമ്മി തിലകനെ താക്കീത് ചെയ്ത് വിട്ടു എങ്കിലും ഇപ്പോള്‍ വിശദീകരണം ചോദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.