‘ചിരിക്കണ ചിരി കണ്ടോ’; അച്ഛനൊപ്പമുള്ള ചിത്രവുമായി ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകകനെതിരായ താരസംഘടന അമ്മയുടെ നടപടി ഏറെ വാദപ്രതിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഞായറാഴ്ച നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുത്തെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും പിന്നീട് ഭാരവാഹികള്‍ അത് വാര്‍ത്താ സമ്മേളനത്തില്‍ നിഷേധിച്ചു. ഷമ്മിയുടെ വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയിലടക്കം തുടര്‍ച്ചയായി പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്‌ക്കെതിരെ അംഗങ്ങള്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്റെ വിശദീകരണം കേട്ട ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചത്. ഇതിനെതിരെ ഷമ്മി തിലകനും മറുപടിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാറിനെതിരെയും മുകേഷിനെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തിയിരുന്നു.എന്നാല്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷമുള്ള ഷമ്മി തിലകന്റെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ തിലകനൊപ്പമുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇരുവരും അടുത്തടുത്ത് ഇരുന്ന് ചിരിക്കുന്നതാണ് ചിത്രം. ചിരിക്കണ ചിരി കണ്ടോ എന്നാണ് ഷമ്മി തിലകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്. ഫീലിംഗ് റിലാക്‌സ്ഡ് എന്ന സ്റ്റാറ്റസോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഷമ്മി തിലകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് വലിയ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. തിലകന്റെയും ഷമ്മി തിലകന്റെയും നിലപാടുകളിലെ ചില സമാനതകള്‍ ചൂണ്ടിക്കാട്ടിയാണ് ഏറെ കമന്റുകളും. അതേസമയം, അമ്മ അംഗങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ സംഘടന നികുതി വെട്ടിപ്പ് നടത്തിയെന്നും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റേജ് ഷോക്ക് ടിവി സംപ്രേക്ഷണ അവകാശം എട്ട് കോടിക്ക് നല്‍കിയിട്ട് കണക്കില്‍ രണ്ട് കോടി ആണ് കാണിച്ചതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അമ്മയുടെ രാജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും പരാതിയുണ്ടെന്നും തല്‍ക്കാലം അത് പുറത്ത് വിടുന്നില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞിരുന്നു.

 

 

Previous articleവീടിനുള്ളില്‍ മിസൈല്‍ തുളച്ചു കയറിയിട്ടും പതിവു പോലെ ഷേവ് ചെയ്യുന്ന യുവാവിനെ കണ്ട് അത്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ
Next articleജോണി ഡെപ്പിനെ ഡിസ്‌നി തിരിച്ച് വിളിച്ചോ? വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ പ്രതിനിധി