എന്റെ കൊച്ചിനെ ആദ്യമായി എടുത്തത് ജയലളിതയാണ്! ഓര്‍മ്മകള്‍ പങ്കുവച്ച് ഷീല

നടിയായെത്തി തമിഴകത്തിന്റെ അമ്മയായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും നടി ഷീലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഷീല തുടക്കകാലത്ത് തമിഴിലും സജീവമായിരുന്നു. താരത്തിന്റെ സിനിമാ അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. 1962 ല്‍ എംജിആര്‍ നായകനായ പാസം…

നടിയായെത്തി തമിഴകത്തിന്റെ അമ്മയായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും നടി ഷീലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഷീല തുടക്കകാലത്ത് തമിഴിലും സജീവമായിരുന്നു. താരത്തിന്റെ സിനിമാ അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. 1962 ല്‍ എംജിആര്‍ നായകനായ പാസം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീല സിനിമാ ലോകത്തെത്തിയത്. ശേഷമാണ് മലയാള സിനിമയിലേക്കും എത്തുന്നത്. അക്കാലത്ത് തമിഴകം അടക്കിവാണിരുന്ന ജയലളിതയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഷീല സൂക്ഷിച്ചിരുന്നത്.

എംജിആര്‍ നായകനായ പുതിയ ഭൂമി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഷീലയും ജയലളിതയും പരിചയപ്പെടുന്നതും സുഹൃത്തുക്കളായതും. അവിടെ തുടങ്ങിയ സൗഹൃദം മറ്റൊരു കൂടപ്പിറപ്പായി മാറിയെന്നും ഷീലാമ്മ പറയുന്നു. മനോരമ ആഴ്ചപതിപ്പിനോടാണ് ഷീലാമ്മ മനസ്സുതുറന്നത്.

തന്റെ പ്രസവ സമയത്ത് ആദ്യം ആശുപത്രിയിലെത്തിയത് ജയലളിത ആയിരുന്നെന്നും ഷീലാമ്മ പറയുന്നു. തന്റെ കുഞ്ഞിനെ ആദ്യമായി എടുത്തതും ജയലളിതയാണ് എന്നും ഷീല ഓര്‍മ്മിക്കുന്നു. തന്റെ കുഞ്ഞിന് പതിനഞ്ച് വയസു വരെ വേണ്ട എല്ലാ പാത്രങ്ങളും സാധനങ്ങളും പ്രിയ കൂട്ടുകാരി ജയലളിതയാ സമ്മാനിച്ചതാണെന്നും അവര്‍ പറയുന്നു.

‘എന്റെ കുഞ്ഞിനെ ആദ്യം എടുത്തത് ജയലളിതയാണ്. അനിയത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു പോയിരുന്നു. അതോടെ വീട്ടില്‍ ഞാനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കു മാസം തികഞ്ഞ സമയത്ത് അമ്മ എന്തോ ആവശ്യത്തിന് ഊട്ടിയില്‍ പോയി. ഞാന്‍ വീട്ടില്‍ തനിച്ചായിരുന്നു, സഹായത്തിനുണ്ടായിരുന്ന സ്ത്രീയും എന്തോ അത്യാവശ്യത്തിനു പുറത്തു പോയയിരുന്നു. അപ്പോഴാണ് എനിക്കു പ്രസവവേദന തുടങ്ങി. ഞാന്‍ ഒരു കൂടയില്‍ ഹോര്‍ലിക്‌സ് ബോട്ടിലും ഫ്‌ലാസ്‌കും പ്രസവ ശേഷം വേണ്ട സാധനങ്ങളുമെല്ലാം എടുത്തുവച്ചിട്ടുണ്ടായിരുന്നു.

ഡ്രൈവര്‍ ഇതൊക്കെ കാറില്‍ കൊണ്ടുവച്ചു. ഒരുവിധത്തില്‍ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി കാറില്‍ കയറി ആശുപത്രിയിലെത്തുകയായിരുന്നെന്ന് ഷീല പറയുന്നു. പിന്നീടാണ് സഹോദരിമാരെല്ലാം വിവരം അറിയുന്നത്. അവരും ആ സമയത്ത് ഗര്‍ഭിണികളായിരുന്നു. വലിയ വയറും വച്ച് അവരും ആശുപത്രിയിലേക്ക് വന്നു, പക്ഷേ ആദ്യം എത്തിയത് ജയലളിത ആണ്.

‘രാത്രി 11.05 ന് ആയിരുന്നു എന്റെ പ്രസവം. കൃത്യം 11.10 ന് ജയലളിത അവിടെ എത്തി. പിറ്റേന്നു രാവിലെ എനിക്കു ബോധം വരുമ്പോള്‍ ഞാന്‍ കാണുന്നത് ജയലളിത കൊണ്ടുവന്ന സമ്മാനങ്ങളാണ്. ഒരു ബാഗ് നിറയെ വെള്ളി പാത്രങ്ങള്‍. കുഞ്ഞിനു പാല്‍ കുടിക്കാനുള്ള പാത്രം, കളിപ്പാട്ടങ്ങള്‍, സ്പൂണുകള്‍ തുടങ്ങി അവന് പതിനഞ്ചു വയസ്സുവരെ ആവശ്യമുള്ള എല്ലാ പാത്രങ്ങളും സാധനങ്ങളും ഉണ്ടായിരുന്നു. അവളാണ് എന്റെ കൊച്ചിനെ ആദ്യമായി എടുത്തത്. ശേഷമാണ് എന്റെ അനിയത്തിമാര്‍ പോലും കുഞ്ഞിനെ എടുക്കുന്നതെന്നും ഷീല പറഞ്ഞു.

1961 മുതല്‍ 80 വരെ തമിഴ്, തെലുങ്ക് സിനിമകളിലെ താരമായിരുന്നു ജയലളിത.
ഏകദേശം 140 ഓളം ചിത്രങ്ങളിലാണ് നടി ഈ കാലയളവില്‍ അഭിനയിച്ചത്. മലയാളത്തില്‍ ജീസസ് എന്നൊരു ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീടായിരുന്നു തമിഴകത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്.