‘രാഷ്ട്രീയക്കാരെ മറ്റൊരു പണിക്കും കൊള്ളില്ലെന്ന ധാരണ കൊണ്ടാകാം അങ്ങനെയൊരു ചോദ്യം വരുന്നത്’ ഷിബു ബേബി ജോണ്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലിജോ ജോസ് പെല്ലിശേരിമോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടെ വാലിബന്‍’. ചിത്രം നിര്‍മ്മിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തകനായ ഷിബു ബേബി ജോണാണ്. സിനിമയോടുള്ള താല്‍പ്പര്യമാണ് നിര്‍മാണത്തിലെത്തിച്ചതെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

രാഷ്ട്രീയത്തില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. രാഷ്ട്രീയക്കാരെ മറ്റൊരു പണിക്കും കൊള്ളില്ല എന്ന ധാരണ കൊണ്ടാകാം അങ്ങനെയൊരു ചോദ്യം വരുന്നത്. പൊതുപ്രവര്‍ത്തകനായി തന്നെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്റെ ദൗത്യം അതാണ്. പക്ഷേ സമയമുള്ളത് കൊണ്ടും മറ്റ് വരുമാന മാര്‍ഗം അനിവാര്യമായതുകൊണ്ടും നിര്‍മാണത്തിലും കൈവയ്ക്കുന്നു. ഞാന്‍ ഇതിലേക്ക് ഇറങ്ങിത്തിരച്ചത് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസ് സെഞ്ചുറിയുമായുള്ള പങ്കാളിത്തത്തോെടയാണ് മലൈക്കോട്ടെ വാലിബന്റെ നിര്‍മാണം. അവരുള്ളത് കൊണ്ടാണ് ഞാനിറങ്ങിയത്. എന്റെ സമയം പൂര്‍ണമായും സിനിമയ്ക്കായി വിനിയോഗിക്കുന്നില്ല. ഇന്നലെ ഷൂട്ടിങ് തുടങ്ങുന്നത് പ്രമാണിച്ച് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പോയിരുന്നു. ഇന്നലെ രാത്രി തന്നെ തിരികെയും പോന്നു.

ഈ പ്രായത്തില്‍ ചെയ്യാന്‍ പറ്റിയ ഒരു ബിസിനസ് എന്ന നിലയിലാണ് സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാലുമായി 35 വര്‍ഷത്തിലേറെയായി സൗഹൃദമുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹവുമായി എന്റെ ആഗ്രഹം ചര്‍ച്ച ചെയ്തു. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുവാണെങ്കില്‍ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ലിജോയിലേക്ക് എത്തിച്ചേര്‍ന്നത് നിമിത്തം എന്ന് പറയാം. ഒരു വര്‍ഷത്തിലേറെയായി ഞാന്‍ പല കഥകള്‍ കേട്ടു. നിര്‍മിക്കുന്ന സിനിമ വ്യത്യസ്തമായത് ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പൊതുസുഹൃത്ത് വഴി ലിജോയെ പരിചയപ്പെടുകയായിരുന്നു. അന്ന് യാദൃശ്ചികമായി ലിജോയുടെ കയ്യില്‍ നല്ല കഥയുണ്ടായിരുന്നു. മറ്റൊരു സിനിമ ലാലുമായി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ആദ്യം ഇത് ചെയ്യാമെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Gargi