Malayalam Article

എന്തൊക്കെ സൈസ് ഞരമ്പ് രോഗികളാണ്! അവരെ അവരുടെ പാട്ടിന് വിട്..! – ഷിംന അസീസ്

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ഡോക്ടര്‍ ഷിംന അസീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ആദിലയേയും ഫാത്തിമയേയും ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചിട്ടും സോഷ്യല്‍ മീഡിയ വഴി ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് ഷിംന എത്തിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു.

വളരെ സന്തോഷം, എന്ന് പറഞ്ഞുകൊണ്ട് ഷിംന ആരംഭിച്ച കുറിപ്പില്‍ ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ് എന്ന് പറയുന്നു. മാത്രമല്ല, അവര്‍ക്ക് എതിരെ കമന്റില്‍ തെറിവിളി, ആഭാസം പറച്ചില്‍, അവര്‍ തമ്മിലുള്ള സെക്സിന്റെ വര്‍ണന എന്തൊക്കെ സൈസ് ഞരമ്പുരോഗികളാണോ .. എന്നും ഷിംന തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍.. എന്ന് ഡോക്ടര്‍ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കുറിപ്പില്‍ എന്താണ് സെക്‌സ് ഓറിയന്റേഷന്‍ എന്നും, അതിന്റെ വിഭാഗങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി എന്നും ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക.. എന്നുമുള്ള കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെ ഷിംന തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഇത് കൂടാതെ മറ്റ് സെക്‌സ് ഓറിയന്റേഷനും മനുഷ്യന് കാണുമെന്നും ഇതില്‍ ഏത് സെക്ഷ്വല്‍ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ആദിലയുടെയും ഫാത്തിമ നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും കുറിപ്പില്‍ പറയുന്നു.

Aswathy