‘തീരെ ഇഷ്ടപ്പെടാത്ത ഒരു സിനിമാനുഭവമാണ്, ക്ലൈമാക്‌സിലെ അലര്‍ച്ചയൊക്കെ അസഹനീയമായി തോന്നി’

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഗാനത്തിനെതിരായ സ്റ്റേ കഴിഞ്ഞ…

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഗാനത്തിനെതിരായ സ്റ്റേ കഴിഞ്ഞ ദിവസം കോടതി നീക്കം ചെയ്തിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വരാഹരൂപം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടിയാണ് വിധി. കാന്താര അണിയറക്കാരുടേയും തൈക്കൂടം ബ്രിഡ്ജിന്റേയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ തീരുമാനം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരേ അലര്‍ച്ച തന്നെ എല്ലായിടത്തും കയറ്റി റിപ്പീറ്റടിച്ച് അലമ്പാക്കിയതായാണ് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടതെന്നാണ് ഷുഹൈല്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

കാന്താര
തീരെ ഇഷ്ടപ്പെടാത്ത ഒരു സിനിമാനുഭവമാണ്. മലയാളം റിലീസ് തിയറ്ററില്‍ തന്നെ പോയി കണ്ടതാണ്.
സിനിമയുടെ ആസ്വാദനത്തെ ഏറ്റവുമധികം ബാധിച്ചത് മോശം സംഭാഷണങ്ങള്‍ തന്നെയാണ്. അത് പാളിയത് പടത്തിന്റെ രസച്ചരട് ആകെ നശിപ്പിച്ചു. ആ ക്ലൈമാക്‌സിലെ അലര്‍ച്ചയൊക്കെ അസഹനീയമായി തോന്നി. ഒരേ അലര്‍ച്ച തന്നെ എല്ലായിടത്തും കയറ്റി റിപ്പീറ്റടിച്ച് അലമ്പാക്കിയതായാണ് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടത്.
ഒരു ടിപ്പിക്കല്‍ കന്നഡ സിനിമയെ, വ്യത്യസ്തമാക്കി അവതരിപ്പിച്ച ശ്രമമൊക്കെ കൊള്ളാം. ചില സ്ത്രീവിരുദ്ധ, മനുഷ്യവിരുദ്ധ സീനുകളൊക്കെ ഒഴിച്ചാല്‍ എന്തോ ഒരു എലമെന്റ് സിനിമയിലുണ്ട്. മലയാളം വേര്‍ഷന് തലവെച്ചത് കൊണ്ട് അതിന്റെ സത്ത പൂര്‍ണമായും കിട്ടിയില്ല.
കന്നഡ പതിപ്പ് കാണണമെന്നുണ്ട്. പക്ഷേ, മലയാളം വേര്‍ഷന്‍ കണ്ടതിന്റെ ബോറിംഗ് ഫീല്‍ ഓര്‍ക്കുമ്പോള്‍ കാണാനും തോന്നുന്നില്ല.

16 കോടി രൂപയ്ക്ക് നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കര്‍ണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ‘കെജിഎഫ്’ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയും നിര്‍മിച്ചത്.