സിനിമയില്‍ കേസ് തോറ്റു, യഥാര്‍ഥ കോടതിയില്‍ കേസ് വിജയിപ്പിച്ച് താരമായി ഷുക്കൂര്‍ വക്കീല്‍!!!

‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ ഷുക്കൂര്‍ വക്കീലിനെ ആരും മറന്നുകാണില്ല. ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ജീവിതത്തിലും വക്കീലാണ്. സിനിമയില്‍ കേസ് തോറ്റെങ്കില്‍ ജീവിതത്തില്‍ യഥാര്‍ഥ കോടതിയില്‍ കേസ് വിജയിപ്പിച്ചിരിക്കുകയാണ്. ഷുക്കൂര്‍ വക്കീലാണ് പൊലീസ്…

‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ ഷുക്കൂര്‍ വക്കീലിനെ ആരും മറന്നുകാണില്ല. ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ജീവിതത്തിലും വക്കീലാണ്. സിനിമയില്‍ കേസ് തോറ്റെങ്കില്‍ ജീവിതത്തില്‍ യഥാര്‍ഥ കോടതിയില്‍ കേസ് വിജയിപ്പിച്ചിരിക്കുകയാണ്.

ഷുക്കൂര്‍ വക്കീലാണ് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന എയര്‍ ഗണ്‍ ബേക്കല്‍ ഹദാദ് നഗറിലെ ടൈഗര്‍ സമീറിനു തിരികെ നല്‍കിയത്. തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയില്‍ വിടാനായി മുന്നില്‍ തോക്കേന്തി നടക്കുന്ന സമീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

ശേഷം കേസെടുത്ത പൊലീസ് സമീറിന്റെ എയര്‍ ഗണ്ണും മൊബൈലും കസ്റ്റഡിയില്‍ വച്ചിരുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് തോക്കും ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ ഗണ്‍ പൊലീസ് അന്യായമായി പിടിച്ചുവച്ചിരിക്കുകയാണ് എന്ന് സമീറിന് വേണ്ടി ഷുക്കൂര്‍ വക്കീല്‍ കോടതിയില്‍ വാദിച്ചു.

കേസ് പരിഗണിച്ച കോടതി, മൊബൈല്‍ ഫോണും എയര്‍ ഗണ്ണും തിരിച്ചുകൊടുക്കാന്‍ ഉത്തരവിട്ടു. തെരുവുനായ ശല്യം രൂക്ഷമായതോടെ മക്കളെ സംരക്ഷിക്കാന്‍ സമീറിന് മറ്റ് വഴികളില്ലായിരുന്നു.

നിരത്തിലിറങ്ങാന്‍ പേടിക്കുന്ന സ്വന്തം കുട്ടികളെയും അടുത്ത വീട്ടിലെ കുട്ടികളെയും മദ്രസയില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് സമീര്‍ പറഞ്ഞു. തോക്കും ഫോണും തിരികെ ലഭിച്ചെങ്കിലും നായ ശല്യത്തിനു ഇപ്പോഴും പരിഹാരമാകാത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറയുന്നു.