‘ലൈംഗികത മാത്രമാണ് ആ സിനിമ പറയുന്നതെന്നു നിങ്ങള്‍ ഒരിക്കലും കരുതരുത്’ സിദ്ധാര്‍ത്ഥ് ഭരതന്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സ്വാസികയുടെ അഭിനയത്തേയും ചിത്രത്തേയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. ‘ചതുരം എന്ന സിനിമയില്‍ ലൈംഗികതയുണ്ട്.…

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സ്വാസികയുടെ അഭിനയത്തേയും ചിത്രത്തേയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. ‘ചതുരം എന്ന സിനിമയില്‍ ലൈംഗികതയുണ്ട്. പക്ഷേ, അതു മാത്രമാണ് ആ സിനിമ പറയുന്നതെന്നു നിങ്ങള്‍ ഒരിക്കലും കരുതരുത്. ചിലര്‍ക്കു അങ്ങനെയൊരു മുന്‍വിധി ഉണ്ടായിരുന്നെന്നു എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സിനിമ തുടങ്ങുന്ന സമയത്ത് ഈ വിഷയങ്ങളൊന്നും എന്നെ അലട്ടിയിരുന്നില്ല. എന്നാല്‍, റിലീസ് സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷേ, ഒടുവില്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തതോടെ പലരുടെയും മുന്‍വിധി തെറ്റാണെന്നു തെളിയിക്കാനായി’ എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

സ്വാസികയുടെ അഭിനയത്തെ കുറിച്ചും സംവിധായകന്‍ സംസാരിക്കുകയുണ്ടായി. ‘ചതുരത്തിലെ നായികയായ സെലീനയുടെ വേഷംചെയ്യാന്‍ സ്വാസികയെ തുടക്കത്തില്‍ ഞാന്‍ ചിന്തിച്ചിട്ടില്ല. കഥയെക്കുറിച്ച് ഞാനും വിനോയ് തോമസും സംസാരിക്കുമ്പോള്‍ കഥാപാത്രം മാത്രമാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. പിന്നീടാണ് സ്വാസിക ആ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നിയത്. ബോള്‍ഡ് ആയി ചെയ്യേണ്ട കുറെ രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അതുചെയ്യാന്‍ പലര്‍ക്കും സാധിച്ചേക്കാം. എന്നാല്‍, സിനിമ റിലീസ്‌ചെയ്തശേഷം ആ രംഗങ്ങളുടെ പേരില്‍ നേരിടേണ്ടി വരുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതു നേരിടാന്‍ എല്ലാവര്‍ക്കും പറ്റിയെന്നു വരില്ല. സ്വാസികയ്ക്ക് അതിനു കൂടി സാധിക്കുന്നു എന്നതാണ് ആ നടിയെ കൂടുതല്‍ ബോള്‍ഡാക്കുന്നതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു.
ടോക്സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന. ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.