‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ല’ സിദ്ധാര്‍ത്ഥ് ഭരതന്‍

സൗബിന്‍ ഷാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ജിന്ന്’ ഇന്ന് തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ ‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.…

സൗബിന്‍ ഷാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ജിന്ന്’ ഇന്ന് തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ ‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്.

പ്രിയപ്പെട്ടവരെ,
ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കുമെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലി നോക്കുന്ന ലാലപ്പന്‍ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. സൗബിന്‍ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് മാറി നില്‍ക്കേണ്ടതായി വരുന്ന ലാലപ്പന്റെ ജീവിതത്തിലുണ്ടാവുന്ന മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ജിന്ന്. ശാന്തി ബാലചന്ദ്രനാണ് നായിക. അന്തരിച്ച നടി കെ.പി.എ.സി. ലളിതയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, ജിലു ജോസഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘കലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് ദീപു ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.