Malayalam Article

മതസൗഹാര്‍ദം തകര്‍ക്കും: കാശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കാശ്മീരി പണ്ഡിറ്റുകളുടെ ചിത്രം പറയുന്ന കാശ്മീര്‍ ഫയല്‍സ്. ചിത്രത്തിന്റെ പ്രദശര്‍നം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മുസ്ലിംഗളെ ഏകപക്ഷീയമായി ചിത്രീകരിക്കുന്ന സിനിമ, രാജ്യത്ത് മതസൗഹാര്‍ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ആഭ്യന്തര, സാംസ്‌കാരിക മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മുസ്ലിംങ്ങളുടെ ഇടപെടല്‍ മൂലം നാട്ടിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതായി ചിത്രീകരിച്ചിരിക്കുന്നതായ വിലയിരുത്തല്‍ ഉണ്ടായി.

 

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമൂഹിക അഖണ്ഡതയും തകര്‍ക്കുന്നതാണിത്, സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിച്ചു.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത കാശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്. അഗ്നഹോത്രിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചുവെങ്കിലും ചിത്രം വിമര്‍ശനങ്ങള്‍ക്കും വിധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. ബി ജെ പി അനുകൂല സംസ്ഥാന സര്‍ക്കാരുകളില്‍ ചിലത് ചിത്രത്തിന്റെ സേവന നികുതിയില്‍ ഇളവ് നല്‍കിയതും ദേശിയ പ്രാധാന്യമുള്ള വാര്‍ത്തയായി മാറി.

ഇതിനിടെ ‘ദ കശ്മീര്‍ ഫയല്‍സ്’ റിലീസ് ചെയ്ത സമയത്ത് സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എപി യ്ക്ക് നേരെ ആക്രമണം ഉണ്ടായതായി അടത്തിടെ ആരോപണം ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാളിലാണ് സംഭവം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എം.പി ജഗന്നാഥ് സര്‍ക്കാറാണ് ആക്രമണത്തിന് ഇരയായത്. നാദിയ ജില്ലയില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്ന എംപിയുടെ കാറിന് നേരെയായിരുന്നു ആക്രമണം. കാറിന് പിന്നില്‍ ബോംബ് പതിച്ചതായും തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Vishnu